നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ്: ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍.

നിമിഷപ്രിയയുടെ പേരില്‍ പിരിവ് നടത്തുന്ന കെ എ പോളിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കണമെന്നായിരുന്നു കെ എ പോളിന്റെ ആവശ്യം. പണപ്പിരിവ് വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം ഫാക്‌ട് ചെക്കിലൂടെ വ്യക്തമാക്കിയിരുന്നു.

പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഡോ. കെ എ പോള്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് നിമിഷപ്രിയയെ രക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടുളള പോസ്റ്റ് വന്നത്. 8.3 കോടി രൂപ വേണമെന്നാണ് പോസ്റ്റില്‍ പറഞ്ഞിട്ടുളളത്. ഇത് വ്യാജ പോസ്റ്റാണെന്നും പണപ്പിരിവ് തട്ടിപ്പാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചിരുന്നു. അതിനുപിന്നാലെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ രണ്ട് തട്ടിലായി. നിമിഷപ്രിയ വിഷയത്തില്‍ ഏറെ ഉയര്‍ന്നുകേട്ട സാമുവല്‍ ജെറോമിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നു. നിമിഷ പ്രിയക്കായി പിരിച്ചുനല്‍കിയ നാല്‍പതിനായിരത്തോളം ഡോളര്‍ സാമുവല്‍ ജെറോം എന്ത് ചെയ്തുവെന്ന ചോദ്യവുമായി ആക്ഷന്‍ കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *