രാജീവ് ചന്ദ്രശേഖറിനെ പരസ്യമായി വിമര്‍ശിച്ച മൂന്ന് ബിജെപി നേതാക്കളെ സസ്‌പെൻഡ് ചെയ്തു

യുവമോർച്ച ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരസ്യ വിമർശനവും പരിഹാസവും നടത്തിയ മൂന്ന് ബിജെപി നേതാക്കളെ പാർട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു.

ഒബിസി മോർച്ച തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിപിൻകുമാർ, പെരുങ്കടവിള പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ എസ്.എസ്. ശ്രീരാഗ്, വിഷ്ണു കൈപ്പള്ളി എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെൻഡ് ചെയ്തത്.

ബിജെപിയെ ബിസിനസ് ജനത പാർട്ടിയാക്കിയെന്നും സ്ഥാനം കിട്ടാതായപ്പോള്‍ രാജിവച്ച രാജീവ് ചന്ദ്രശേഖറിന്റെ സംഘടനാസ്‌നേഹം എല്ലാവർക്കും അറിയാമെന്നും വിപിൻകുമാർ പരിഹസിച്ചിരുന്നു. ഇന്ന് വന്ന ഇട്ടിക്കണ്ടപ്പൻമാരൊക്കെ എന്തടിസ്ഥാനത്തിലാണ് ചുമതലയില്‍ വന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സാധാരണ പ്രവർത്തകർ മറുപടി കൊടുക്കുന്ന ഒരു കാലംവരും. അന്ന് ബിസിനസ് ചെയ്യാൻ വന്നവനും കച്ചവട മാമാങ്കം നിയന്ത്രിക്കുന്നവനും ഒക്കെ മനസ്സിലാക്കുമെന്നും വിപിൻകുമാർ ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു.

യുവമോർച്ച ജില്ല പ്രസിഡന്റ് സജിത്തിനെ ഒഴിവാക്കിയതില്‍ തെറ്റ് പറ്റിയത് പാർട്ടിക്കാണോ അതോ നേതാക്കളുടെ പിടിവാശിയാണോയെന്നായിരുന്നു എസ്.എസ്. ശ്രീരാഗിന്റെ പരസ്യവിമർശനം. പാർട്ടിയെ വളർത്തിയവരെ പാർട്ടി മറന്നെന്ന് വിമർശിച്ച ശ്രീരാഗ്, അടുത്ത തിരഞ്ഞെടുപ്പില്‍ പാർട്ടി മത്സരിക്കാൻ ചിഹ്നം നല്‍കിയില്ലെങ്കിലും കുഴപ്പമില്ലെന്ന് നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *