കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാല്‍ അത് ഗൗരവമുള്ള കാര്യമാണ്, സുരേഷ്ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ചോ? ; പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി

തൃശൂർ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാല്‍ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ചോയെന്നും വി ശിവൻകുട്ടി ചോദിച്ചു.

എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് ഇങ്ങനെ ഒളിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു. തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകും ഒളിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം, ഓണാവധിക്ക് മുമ്ബ് എല്ലാ വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും എല്ലാ ഉദ്യോഗസ്ഥർക്കും ഇതിനുള്ള നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അല്ലാത്ത പക്ഷം കർശന നടപടി ഉണ്ടാകും. വേനല്‍ അവധി മാറ്റവുമായി ബന്ധപ്പെട്ട് നല്ല ചർച്ച നടക്കുന്നുണ്ടെന്നും അത് തുടരട്ടെയെന്നും ഈ വർഷം എന്തായാലും നടപ്പിലാക്കാൻ പറ്റില്ലെന്നും

കുട്ടികളുടെ കണ്‍സഷൻ ഒരു കാരണവശാലും ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഗവർണറുടെ സർക്കുലറുമായി ബന്ധപ്പെട്ടും മന്ത്രി ശിവൻകുട്ടി വിമർശനം ഉന്നയിച്ചു. ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്നാവശ്യപ്പെട്ടാണ് വൈസ് ചാൻസിലർമാർക്കായി ഗവർണർ വിവാദ സർക്കുലർ ഇറക്കിയത്. രാജ്യത്ത് വിവിധ ദിനങ്ങള്‍ ആചാരിക്കാറുണ്ടെന്നും എന്നാ, ഇങ്ങനെ ഒരുദിനം ആദ്യമായിട്ടാണെന്നും സംസ്ഥാന മന്ത്രിസഭാ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ശ്രമമെന്നും വി ശിവൻകുട്ടി പറഞ്ഞു. ഏത് അധികാരം വച്ചാണ് ഇങ്ങനെ ഒരു ആഹ്വാനം ഗവർണർ നടത്തുന്നത്?

ആർ എസ് എസ് വിഭജനത്തിൻറെ വക്താക്കള്‍ ആണല്ലോ. അതുകൊണ്ടാകും ഇങ്ങനെ ഒരു പ്രഖ്യാപനം. സിബിഎസ്‌ഇ പ്രഖ്യാപിച്ച ഓപ്പണ്‍ എക്സാം കേരളത്തില്‍ നടപ്പാക്കില്ല.ഏകപക്ഷീയമായ പ്രഖ്യാപനമാണത്. കേന്ദ്ര ഗവണ്‍മെൻറ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചാല്‍ തുടർനടപടി സ്വീകരിക്കും.

എംപിമാരടക്കം യാത്ര ചെയ്തിരുന്ന വിമാനം അടിയന്തര ലാൻഡ് ചെയ്തത് അശങ്ക ഉയർത്തുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര സർക്കാർ മനുഷ്യ ജീവന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നത് ആശങ്കജനകമാണെന്നും ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *