വന്ദേഭാരത് യാത്രക്കാര്‍ക്ക് ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റെടുക്കാം

ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളില്‍, ട്രെയിൻ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.

ഇതിനായി പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തില്‍ (പിആർഎസ്) ഇന്ത്യൻ റെയില്‍വേ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍നിന്ന് തടസ്സരഹിതമായ കറന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.

സതേണ്‍ റെയില്‍വേ (SR) സോണിന് കീഴില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ മാറ്റങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. “ദക്ഷിണ റെയില്‍വേയില്‍നിന്ന് സർവീസ് ആരംഭിക്കുന്ന എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ കറന്റ് റിസർവേഷൻ ചെയ്യാൻ സാധിക്കുമെന്ന് സോണല്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ നിയമപ്രകാരം, വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകള്‍ ഇനി ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍നിന്നും കറന്റ് ബുക്കിങ്ങിനായി ലഭ്യമാകും. ഇത് യാത്രക്കാർക്ക് കൂടുതല്‍ പ്രയോജനകരവും ട്രെയിനിലെ സീറ്റുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

സതേണ്‍ റെയില്‍വേ സോണിന് കീഴില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകള്‍

ട്രെയിൻ നമ്ബർ 20631 മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍
ട്രെയിൻ നമ്ബർ 20632 തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍
ട്രെയിൻ നമ്ബർ 20627 ചെന്നൈ എഗ്മോർ-നാഗർകോവില്‍
ട്രെയിൻ നമ്ബർ 20628 നാഗർകോവില്‍ – ചെന്നൈ എഗ്മോർ
ട്രെയിൻ നമ്ബർ 20642 കോയമ്ബത്തൂർ-ബെംഗളൂരു കന്റോണ്‍മെന്റ്
ട്രെയിൻ നമ്ബർ 20646 മംഗളൂരു സെൻട്രല്‍-മഡ്ഗാവ്
ട്രെയിൻ നമ്ബർ 20671 മധുര-ബെംഗളൂരു കന്റോണ്‍മെന്റ്
ട്രെയിൻ നമ്ബർ 20677 ഡോ. എംജിആർ ചെന്നൈ സെൻട്രല്‍-വിജയവാഡ

നിലവില്‍, രാജ്യത്തെ വിവിധ റൂട്ടുകളിലായി ആകെ 144 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അഭിപ്രായത്തില്‍, എല്ലാ റൂട്ടുകളിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ 100 ശതമാനത്തിലധികം യാത്രക്കാരുമായാണ് ഓടുന്നത്. “2024-25, 2025-26 സാമ്ബത്തിക വർഷങ്ങളില്‍ (2025 ജൂണ്‍ വരെ) വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ മൊത്തത്തിലുള്ള ഒക്യുപൻസി യഥാക്രമം 102.01 ശതമാനം, 105.03 ശതമാനം എന്നിങ്ങനെയാണെന്ന് റെയില്‍വേ മന്ത്രി കഴിഞ്ഞദിവസം ലോക്സഭയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *