നിമിഷപ്രിയക്ക് മാപ്പുനല്‍കരുത്’; തലാലിന്റെ സഹോദരന്റെ FB-യില്‍ അറബിയില്‍ കമന്റിട്ട് മലയാളികളുടെ പ്രകോപനം

നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയില്‍ വികാരം ഇളക്കിവിടുന്ന രീതിയില്‍, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകള്‍.

നിമിഷപ്രിയക്ക് മാപ്പുനല്‍കരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ പോരാടണം… തുടങ്ങിയ കമന്റുകളാണ് സഹോദരന്റെ അബ്ദല്‍ ഫത്താഹ് മെഹ്ദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയുള്ളത്. നിന്റെ സഹോദരന്റെ രക്തം വിറ്റ് നീ പണം സന്പാദിക്കുന്നുവോ എന്നുവരെ ചോദിക്കുന്നുണ്ട്. തലാലിന്റെ സഹോദരന് മനസ്സിലാകാൻവേണ്ടി അറബിയിലേക്ക് പരിഭാഷപ്പെടുത്തിയാണ് പോസ്റ്റുചെയ്തിരിക്കുന്നത്.

വധശിക്ഷ ഒഴിവാക്കാൻവേണ്ടി ഇടപെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരെയും യെമെനിലെ പണ്ഡിതൻ ഹബീബ് ഉമർബിൻ ഹാഫിളിനെയും അധിേക്ഷപിക്കുന്ന തരത്തിലുള്ള കമന്റുകളുമുണ്ട്. മാത്രമല്ല, കേരളത്തില്‍ നടക്കുന്ന ചർച്ചകള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി ചിലർ തലാലിന്റെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുന്നുമുണ്ടെന്നും ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ നിമിഷപ്രിയയുടെ മോചനത്തിന് തടസ്സമാവുമെന്നാണ് ആശങ്ക.

‘തലാല്‍ മകനെപ്പോലെ, മാപ്പുചോദിക്കുന്നു’വെന്ന് നിമിഷപ്രിയയുടെ അമ്മ

‘തലാല്‍ എന്റെ മകനാണ്, തലാലിന് സംഭവിച്ചത് എന്റെ മകനുസംഭവിച്ചതുപോലെ എന്നെ വേദനിപ്പിക്കുന്നു’വെന്ന് നിമിഷ പ്രിയയുടെ അമ്മ േപ്രമകുമാരി. അവരോട് കാലുപിടിച്ച്‌ മാപ്പുചോദിക്കുന്നു. അവനുവേണ്ടി ജീവൻ അർപ്പിക്കാൻ ഞാൻ തയ്യാറാണ്. ആ മകന്റെ ആത്മാവിന് ശാന്തികിട്ടാൻ ഞാൻ പ്രാർഥിക്കുകയാണെന്നും െയമെനില്‍നിന്ന് മാതൃഭൂമി ന്യൂസിനോട് പ്രേമകുമാരി പറഞ്ഞു.

‘നിമിഷയുമായി ഓണ്‍ലൈനിലോ ഫോണിലോ സംസാരിക്കാനാവില്ല. അവള്‍ ഇടയ്ക്ക് മെസേജ് അയക്കും, എന്താണ് വിശേഷം, സാറെന്ത് പറഞ്ഞു എന്നൊക്കെ ചോദിച്ച്‌. എല്ലാവരോടും അപേക്ഷിക്കുകയാണ്. ആ വീട്ടിലേക്ക് ഉപദ്രവമായ വിവരങ്ങളോ വാർത്തകളോ എത്തരുത്’ -േപ്രമകുമാരി പറഞ്ഞു.

ഒരു സമ്മർദവും മാറ്റമുണ്ടാക്കില്ലെന്ന് തലാലിന്റെ സഹോദരൻ

‘വധശിക്ഷ നീട്ടിവെച്ചത് ദൗർഭാഗ്യകരവും ഒരിക്കലും പ്രതീക്ഷിക്കാത്തതുമാണ്.’ ശിക്ഷ മാറ്റിവെച്ച വാർത്ത സ്ഥിരീകരിച്ചുകൊണ്ട് തലാലിന്റെ സഹോദരൻ സാമൂഹിക മാധ്യമത്തിലൂടെ പറഞ്ഞു.

‘സത്യത്തെ വളച്ചൊടിച്ച്‌, കുറ്റവാളിയെ ഇരയാണെന്ന് ചിത്രീകരിച്ച്‌, കുറ്റം ന്യായീകരിക്കാനാണ് ഇന്ത്യൻ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എന്തുകാരണംകൊണ്ടായാലും കൊലപാതകത്തെ ന്യായീകരിക്കാൻ കഴിയില്ല. ഇപ്പോഴത്തെ മധ്യസ്ഥശ്രമങ്ങളില്‍ അതിശയമില്ല. വർഷങ്ങളായി രഹസ്യമായുള്ള ഇടപെടലുകളും ശക്തമായ ശ്രമങ്ങളും നടക്കുന്നുണ്ട്. ഒരു സമ്മർദവും ഞങ്ങളില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല.”- അദ്ദേഹം പറഞ്ഞു.

തലാലിന്റെ കുടുംബത്തിന്റെ പ്രതികരണം നിരാശയുണ്ടാക്കുന്നതാണെങ്കിലും സൂഫിപണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ സ്വാധീനം ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസാണ് തലാലിന്റെ ബന്ധുക്കളുമായുള്ള ചർച്ചകള്‍ നടത്തുന്നത്.

ചർച്ച പോസിറ്റീവാണ്, നല്ല വാർത്ത പ്രതീക്ഷിക്കുന്നു -ആക്ഷൻ കമ്മിറ്റി

നിമിഷ പ്രിയയുടെ മോചനത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകള്‍ പോസിറ്റീവാണെന്നും െയമെനില്‍നിന്ന് നല്ലൊരു വാർത്ത ലഭിക്കുമെന്ന് കരുതുന്നുവെന്നും ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. കാരന്തൂർ മർക്കസില്‍ എ.പി. അബൂബക്കർ മുസ്ല്യാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

‘ബുധനാഴ്ചയും ചർച്ചകള്‍ നടന്നിട്ടുണ്ട്. പോസിറ്റീവായാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അവർ മാപ്പുനല്‍കാൻ തയ്യാറായാല്‍ പണം റെഡിയാണ്. ലോകത്താകമാനുള്ള മലയാളിസമൂഹം പിന്തുണ അറിയിച്ചിട്ടുണ്ട്.’-ആക്ഷൻ കൗണ്‍സില്‍ കോർകമ്മിറ്റിയംഗം സജീവ് കുമാറും ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ടും മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *