നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു രാഷ്ട്രീയ കേരളം ഫലം കാത്തിരിക്കുകയാണ്. . അതിനിടയിൽ കോൺഗ്രസിൽ പുതിയൊരു തർക്കം. സതീശനിസം എന്നൊന്നുണ്ടോ? അങ്ങനെയൊന്നു ഉണ്ടെന്നു പറഞ്ഞത് പി വി അൻവർ ആണ്. അൻവറിനെ യു ഡി എഫിൽ കെ കെ രമയെ പോലെ അസോസിയേറ്റ് മെമ്പർ ആക്കാമെന്ന് മെയ് 2 നു ചേർന്ന യു ഡി എഫ് യോഗം തീരുമാനിച്ചതാണ്. യു ഡി എഫ് ചെയർമാനായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അതു നടപ്പിലാക്കാതെ നീട്ടിക്കൊണ്ടു പോയി. അപ്പോഴേക്കും ഉപതെരഞ്ഞെടുപ്പ് വന്നു. നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥിയെ തനിക്ക് തീരുമാനിക്കണമെന്നു അൻവറിന് നിർബന്ധം. ആര്യാടൻ ഷൗക്കത്തിനെ ഒരു നിലക്കും അംഗീകരിക്കാൻ ആവില്ലെന്നു പിടിവാശി. ആത്മാഭിമാനമുള്ള ഒരു പാർട്ടിയും അതനുവദിക്കില്ല.
ചർച്ചകൾ കുറേ നടന്നു. അൻവറിന്റെ ഡിമാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റാണ്. പല പാർട്ടികൾ കയറിയിറങ്ങി അൻവറിന്റെ കൂടെ വന്നവർക്ക് വേണ്ടിയാണ് രണ്ടു സീറ്റ്. ജയസാധ്യതയുള്ള ഒരു സീറ്റിൽ അൻവറിനെ നിർത്താൻ യു ഡി എഫ് ഒരുക്കമായിരുന്നു. അൻവർ ഇടഞ്ഞ ശേഷവും യു ഡി എഫ് വാതിൽ അടച്ചില്ല. എന്നാൽ അൻവറിന്റെ മോഹങ്ങൾ കടൽ പോലെയായിരുന്നു.. യു ഡി എഫ് സർക്കാർ വരികയാണെങ്കിൽ മന്ത്രിയാകണം. മുഖ്യമന്ത്രി സ്ഥാനം മാത്രമേ അൻവർ ചോദിക്കാതുള്ളൂ. ക്ഷമയോടെ കാത്തിരിക്കാനും വാർത്താ സമ്മേളനങ്ങൾ നിയന്ത്രിക്കാനും യു ഡി എഫ് നേതാക്കൾ ഉപദേശിച്ചിട്ടും അൻവർ കേട്ടില്ല. കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ ഇകഴ്ത്താനും അവഹേളിക്കാനും തുടങ്ങി. ആര്യാടൻ ഷൗക്കത്തിനെ മാറ്റിക്കാൻ സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ, പോയി പണി നോക്ക് എന്നു സതീശനു പറയേണ്ടി വന്നു.
അൻവർ വിഷയത്തിൽ ധീരമായ നിലപാട് എടുത്തതോടെ കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പുകൾ സതീശനെ വാഴ്ത്താൻ തുടങ്ങി. പിണറായി യുടെ ഒത്ത പ്രതിയോഗി വി ഡി സതീശൻ എന്ന നില വന്നു. പാലക്കാട് പറഞ്ഞതു പോലെ, തോറ്റാൽ ഉത്തരവാദിത്തം എനിക്ക്, ജയിച്ചാൽ എല്ലാവർക്കും എന്ന ചില പൊടിപ്രയോഗങ്ങൾ സതീശനും തരംപോലെ നടത്തി.
യു ഡി എഫ് സ്ഥാനാർഥിയെ അംഗീകരിച്ചു ഷൗക്കത്തിനെ വിജയിപ്പിക്കാൻ അൻവർ ഇറങ്ങിയിരുന്നെങ്കിൽ അതു അയാളുടെ രാഷ്ട്രീയ ജീവിതത്തിനു ഹീറോ പരിവേഷം നൽകുമായിരുന്നു. നിലമ്പൂരിൽ യു ഡി എഫ് വിജയത്തിന്റെ ക്രെഡിറ്റ് അൻവറിന് ലഭിക്കുകയും ഭാവിയിലെ രാഷ്ട്രീയ വിലപേശലുകൾക്ക് അതു സഹായമാകുകയും ചെയ്യുമായിരുന്നു. എന്നാൽ, പടിക്കൽ കൊണ്ടു കലം ഉടയ്ക്കുന്ന പ്രവർത്തിയായിപ്പോയി അൻവറിന്റെത്.
കോൺഗ്രസിനാകട്ടെ, വലിയൊരു മാരണം തലയിൽ നിന്നു നീങ്ങി എന്നാശ്വസിക്കാം. അംഗം ആക്കിയാലും അസോസിയേറ്റ് ആക്കിയാലും ഡോണൾഡ് ട്രമ്പിനെ മുന്നണിയിൽ എടുത്ത അനുഭവം ആകുമായിരുന്നു യു ഡി എഫിന്.
പിണറായിക്കൊപ്പം സതീശനെയും മുഖ്യ എതിരാളിയാക്കി രണ്ടു ഇസങ്ങളെയും നേരിടാൻ അൻവർ ഇറങ്ങിയത് കോൺഗ്രസിൽ സതീശന്റെ ഗ്രാഫ് ഉയർത്തിയിട്ടുണ്ട് എന്നതു വസ്തുതയാണ്. അടുത്ത ഭരണം കിട്ടിയാൽ സർക്കാരിനെ ആരു നയിക്കണമെന്നത് നിലമ്പൂർ ഫലം വന്ന ശേഷം കോൺഗ്രസിൽ സജീവ ചർച്ചയും തർക്ക വിഷയവുമാകും. പ്രതിപക്ഷ നേതൃ പദവിയിൽ നിന്നു രമേശ് ചെന്നിത്തലയെ ചതി പ്രയോഗത്തിലൂടെ ഒഴിവാക്കിയാണ് 2021 ൽ ഐ ഗ്രൂപ്പുകാരനും ചെന്നിത്തലയുടെ അടുത്ത ആളുമായിരുന്ന സതീശനെ പകരം കൊണ്ടു വന്നത്. ചെന്നിത്തലക്ക് നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം ഉണ്ടായിരിക്കെ കീഴ്വഴക്കങ്ങൾ മാറ്റി നേതാവിനെ കണ്ടെത്താൻ എം എൽ എ മാരെ കൂടാതെ എം പിമാരുടെയും അഭിപ്രായം തേടണമെന്നതടക്കം പുതിയ മാനദണ്ഡങ്ങൾ കൊണ്ടു വന്നായിരുന്നു ഇത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ ഇതിന്റെ അണിയറ ഒരുക്കങ്ങൾ കോൺഗ്രസിൽ നടന്നിരുന്നു. എ- ഐ ഗ്രൂപ്പുകളിലെ കുറച്ചു നേതാക്കൾ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അനുഗ്രഹാശിസുകളോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഐ ഗ്രൂപ്പിലായിരുന്ന കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് ആക്കാമെന്ന വാഗ്ദാനം നൽകി കൂടെ നിർത്തി. ഉമ്മൻചാണ്ടി അനാരോഗ്യം മൂലം കഷ്ടപ്പെടുന്ന സാഹചര്യം ആയിരുന്നു. ചെന്നിത്തല തന്നെ ലീഡർ ആകണമെന്ന ഉമ്മൻചാണ്ടിയുടെ ആഗ്രഹം അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ തള്ളിക്കളഞ്ഞു. 2016 ൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായത് ഉമ്മൻചാണ്ടിയുടെ ഉറച്ച പിന്തുണയിലായിരുന്നു. അന്നു രാഹുൽ ബ്രിഗേഡിന്റെ പിന്തുണയിൽ സതീശനെ നേതാവാക്കാൻ തന്ത്രങ്ങൾ മെനഞ്ഞെങ്കിലും അതു പരാജയപ്പെടുത്തിയത് ഉമ്മൻചാണ്ടി ആയിരുന്നു. 2021 ൽ അനാരോഗ്യം കാരണം ഉമ്മൻചാണ്ടിക്കതു കഴിഞ്ഞില്ല. ഐ ഗ്രൂപ്പിലെ പ്രധാനി തിരുവഞ്ചൂർ രാധാകൃഷ്ണൻ എ ഗ്രൂപ്പിന് പ്രതിപക്ഷ
നേതൃ സ്ഥാനം ലഭിക്കണമെന്ന താല്പര്യക്കാരൻ ആയിരുന്നു. അദ്ദേഹത്തിന് തന്നെ നേതാവാകാനായിരുന്നു അത്. ഐ ഗ്രൂപ്പിലെ എ പി അനിൽ കുമാർ, ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായികളായ ടി സിദ്ദിഖ്, ഷാഫി പറമ്പിൽ തുടങ്ങിയവർ അന്നത്തെ കൊട്ടാര വിപ്ലവത്തിൽ പ്രധാന റോൾ വഹിച്ചവരാണ്.
ഭരണം കിട്ടിയാൽ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയെ പരിഗണിക്കാതിരിക്കാൻ എ ഐ സി സി നേതൃത്വത്തിന് കഴിയില്ല. എന്നാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ ഇറങ്ങിപ്പുറപ്പെട്ടാൽ അതു പ്രശ്നങ്ങൾ സൃഷ്ടിക്കും. മുഖ്യമന്ത്രിയാകാൻ താൻ ഇല്ല എന്നു മുൻപൊക്കെ പറഞ്ഞിരുന്ന വി ഡി സതീശൻ അതിപ്പോഴത്തെ വിഷയമല്ല എന്നാണ് അടുത്തിടെ പറഞ്ഞത്. രാഷ്ട്രീയത്തിൽ അധികാരത്തിനപ്പുറം മറ്റെന്താണുള്ളത്? മുതിർന്ന നേതാവ് ആണെങ്കിലും കെ മുരളീധരനു മുഖ്യമന്ത്രി പദം സ്വപ്നം കാണാനേ കഴിയൂ. അദ്ദേഹം തന്നെ സൃഷ്ടിച്ച അവസ്ഥയാണത്. രാഷ്ട്രീയത്തിൽ ഒരു തീരുമാനം പാളിപ്പോയാൽ ആജീവനാന്തം അതിനു വില കൊടുക്കേണ്ടി വന്നേക്കാം.