പിണറായി കായലോട്ട് റസീന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ്.
മരണപ്പെട്ട യുവതിയുടെ ശരീരത്തില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുമ്ബോള്‍ ഒരു സംഘം ഭീഷണിപ്പെടുത്തിയതായി കുറിപ്പില്‍ ഉണ്ട്. സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും ആത്മഹത്യക്കുറിപ്പിലില്ല. ഭീഷണിപ്പെടുത്തിയെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
യുവാവിനെ പ്രതികള്‍ മർദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണർ അറിയിച്ചു.
തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി.
അറസ്റ്റിലായവരില്‍ സ്ത്രീയുടെ ബന്ധുവും ഉണ്ട്. പ്രതികളിലേക്ക് നയിക്കുന്ന സൂചനകള്‍ ആത്മഹത്യ കുറിപ്പിലുണ്ട്. പ്രതികളുടെ കയ്യില്‍ നിന്ന് മർദ്ദനമേറ്റയാളുടെ മൊബൈല്‍ ഫോണ്‍ അടക്കം കണ്ടെടുത്തിട്ടുണ്ട്.
സ്ത്രീയുടെ സുഹൃത്ത് റഹീസിനെ പോലീസ് ചോദ്യം ചെയ്യും. ആത്മഹത്യാ കുറിപ്പില്‍ ആത്മഹത്യക്ക് കാരണം സുഹൃത്താണ് എന്ന് പറഞ്ഞിട്ടില്ല എന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കി.