കാർബൈഡ് കടലില്‍ കലങ്ങി എന്ന് പറഞ്ഞ് മീൻ കഴിക്കാൻ പലർക്കും ഇന്ന് പേടിയാണ്. അതുകൊണ്ടുതന്നെ വീടുകളില്‍ മീൻ വാങ്ങുന്നില്ല എന്ന് തന്നെ പറയാം.
എന്നാല്‍ ഇപ്പോഴിതാ പുറംകടലില്‍ അപകടത്തില്‍പെട്ട എം എസ് സി എല്‍സ3 കപ്പലില്‍ നിന്ന് രാസവസ്തുക്കള്‍ കടലില്‍ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം. മത്സ്യസമ്ബത്ത് നിലവില്‍ സുരക്ഷിതമാണെന്നും മീനുകള്‍ കഴിക്കുന്നതില്‍ യാതൊരു ആശങ്കയും വേണ്ടെന്നും പ്രാഥമിക പഠനറിപ്പോർട്ട് പറയുന്നു. ഒരു കണ്ടെയ്നറില്‍ ഉണ്ടായിരുന്ന കാല്‍സ്യം കാർബൈഡ് കടലില്‍ കലർന്നിട്ടില്ലെന്നും മീനുകളും മീൻമുട്ടയും നിലവില്‍ സുരക്ഷിതമാണെന്നും പഠനം വെളിപ്പെടുത്തുന്നു.
അപകടത്തിന് ശേഷം മത്സ്യം കഴിക്കുന്നതില്‍ പൊതുജനങ്ങളില്‍ വലിയ ഭീതി നിലനിന്നിരുന്നു. ഇതോടെയാണ് കുഫോസ് പഠനം നടത്തിയത്. കൊല്ലം, ആലപ്പുഴ കടല്‍ മേഖലകളില്‍ നിന്നാണ് പഠനത്തിന് സാമ്ബിളുകള്‍ ശേഖരിച്ചത്. തുടർന്ന് കാല്‍സ്യം കാർബൈഡ് വെള്ളത്തില്‍ ഇതുവരെ കലർന്നിട്ടില്ല എന്ന് കണ്ടെത്തി. കാല്‍സ്യം കാർബൈഡ് ക്രമാതീതമായി കലർന്നാല്‍ മീൻ മുട്ടകള്‍ നശിക്കും. അങ്ങനെ വന്നാല്‍ അടുത്ത വർഷം മത്സ്യലഭ്യത കുറയാൻ ഇടയാകും. അഞ്ചംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് നാളെയാണ് ഫിഷറീസ് വകുപ്പിന് സമർപ്പിക്കുക. അന്തിമ റിപ്പോർട്ട് ആറുമാസത്തിനുശേഷം നല്‍കും
ഇക്കഴിഞ്ഞ മെയ് 25നായിരുന്നു കൊച്ചി പുറംകടലില്‍ ലൈബീരിയൻ കപ്പല്‍ എംഎസ്‌സി എല്‍സ3 അപകടത്തില്‍പ്പെട്ടത്. കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം നടന്നത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അറുന്നൂറിലധികം കണ്ടെയ്നറുകളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.എം എസ് സി എല്‍സ3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളില്‍ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടായിരുന്നത്. അതില്‍ ഒന്നില്‍ കാല്‍സ്യം കാർബൈഡ് ആയിരുന്നു.