അഹ്മദാബാദ് വിമാനാപകടം ; ര‍ഞ്ജിത ആര്‍. നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ സാമ്ബിള്‍ ശേഖരിച്ചു , ഫലം വരാൻ 72 മണിക്കൂര്‍ കാത്തിരിക്കണം

അഹ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി ര‍ഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ സാമ്ബിള്‍ ശേഖരിച്ചു.

അഹ്മദാബാദിലെത്തിയ ര‍ഞ്ജിതയുടെ ഇളയ സഹോദരൻ രതീഷില്‍ നിന്നാണ് ആശുപത്രി അധികൃതർ ഡി.എൻ.എ സാമ്ബിള്‍ ശേഖരിച്ചത്.

അതേസമയം, വേഗത്തില്‍ ഡി.എൻ.എ പരിശോധനക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഫലം ലഭിക്കാൻ 72 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. ഡി.എൻ.എ പരിശോധനക്ക് ശേഷം ര‍ഞ്ജിതയുടേതാണെന്ന് ഉറപ്പാക്കിയ ശേഷമാകും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. മൃതദേഹം ലഭിക്കും വരെ രതീഷ് അഹ്മദാബാദില്‍ തുടരും.

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയോടെ പുറപ്പെട്ട രതീഷും ബന്ധവും മുംബൈയിലെത്തിയശേഷം മറ്റൊരു വിമാനത്തിലാണ് അഹ്മദാബാദിലേക്ക് പോയത്. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് യാത്രക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്. സാക്ഷ്യപത്രവും വിമാനടിക്കറ്റും വെള്ളിയാഴ്ച ഉച്ചയോടെ ഡെപ്യൂട്ടി കലക്ടർ കൊഞ്ഞോണ്‍ വീട്ടിലെത്തി ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.

അതിനിടെ, വീട്ടില്‍ സംസ്കാരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. വിദേശത്തായിരുന്ന മൂത്ത സഹോദരൻ രഞ്ജിത്തും നാട്ടിലെത്തിയിട്ടുണ്ട്. ര‍ഞ്ജിതയുടെ സ്വപ്നമായിരുന്ന നിർമാണം പുരോഗമിക്കുന്ന പുതിയ വീടിന്‍റെ മുറ്റത്ത് പന്തലും ഉയർന്നു. ഇത് നാടിന് വേദനയുമായി. പാലുകാച്ചലിനായി എത്തുമെന്ന് അമ്മക്കും മക്കള്‍ക്കും വാക്കുനല്‍കി മടങ്ങിയ ര‍ഞ്ജിത, നിശ്ചലമായി പുതിയ വീട്ടിലേക്ക് എത്തുന്നതിന്‍റെ വേദന ബന്ധുക്കള്‍ പങ്കുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *