മുജാഹിദ് ബന്ധത്തിന്റെ പേരില്‍ പാണക്കാട് കുടുംബത്തിനും മുസ്ലിം ലീഗിനുമെതിരെ സമസ്തയില്‍ ഒരുവിഭാഗം പടയൊരുക്കം ശക്തമാക്കുമ്ബോള്‍ പാണക്കാട് തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുജാഹിദ് സംഘടനയായ കെ.എൻ.എം.
സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും പാണക്കാട് കുടുംബത്തെ അപമാനിക്കുകയുമാണ് സമസ്ത ചെയ്യുന്നതെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ആരോപിച്ചു.
‘നവോത്ഥാനം പ്രവാചക മാതൃക’ പ്രമേയത്തില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ കഴിഞ്ഞദിവസം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം സമസ്തയെ കടന്നാക്രമിച്ചത്. സമസ്ത പിന്തിരിപ്പൻ സംഘടനയാണെന്നും സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നുമുള്ള തരത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ‘മറ്റുള്ളവർക്കൊപ്പമിരുന്നാല് തെറിച്ചുപോകുന്ന ആദർശമാണ് സമസ്തക്ക്. ഈ ആധുനിക കാലഘട്ടത്തില്‍ കൂടിയിരുന്നാല്‍ തെറിച്ചുപോകുന്ന ആദർശവുമായി സമസ്തയല്ലാതെ ലോകത്ത് മറ്റാരെങ്കിലുമുണ്ടോ? മുജാഹിദ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന പാണക്കാട് തങ്ങളെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സമസ്ത നികൃഷ്ടമായി ആക്രമിക്കുകയാണ്’ -അബ്ദുല്ലക്കോയ മദനി ആരോപിച്ചു.
നേരത്തേ പൊതുവേദികളില്‍ പരസ്പരം പോരടിച്ചിരുന്ന സമസ്തയും മുജാഹിദ് സംഘടനകളും ലീഗിനോട് ചേർന്നുനിന്ന് കുറച്ചുകാലമായി സംയമനം പാലിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മുജാഹിദ് ബന്ധത്തിന്റെ പേരില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കുമെതിരെ സമസ്തയിലെ ഒരുവിഭാഗം പടയൊരുക്കം തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് പാണക്കാട് കുടുംബത്തിനും ലീഗിനും പിന്തുണ പ്രഖ്യാപിച്ച് കെ.എൻ.എം രംഗത്തെത്തിയത്.
കേരളത്തിലെ മുസ്ലിം സംഘടനകളുടെ പൊതുവേദി തകർത്ത് ചരിത്രം തിരുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നാവശ്യപ്പെട്ട മദനി കെ.എം. മൗലവിയുടെയും കെ.എം. സീതി സാഹിബിന്റെയും ബാഫഖി തങ്ങളുടെയും നേതൃത്വത്തില്‍ നടന്ന ധീരമായ മുന്നേറ്റങ്ങളാണ് മുസ്ലിം പൊതുവേദിയുടെ അടിത്തറയെന്നും ഓർമിപ്പിച്ചു. മുജാഹിദ് പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. അക്കാര്യത്തില്‍ ആർക്കും സംശയം വേണ്ട. സമ്മർദ രാഷ്ട്രീയം മുജാഹിദ് പ്രസ്ഥാനത്തിന്റെ രീതിയല്ലെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞിരുന്നു. 150 മണ്ഡലങ്ങളില്‍ കെ.എൻ.എം നവോത്ഥാന സമ്മേളനം സംഘടിപ്പിക്കും.