കുട്ടികളല്ലേ കൂട്ടുകൂടി കാണും വലിച്ചും കാണും, അതിത്ര വല്യ കാര്യമാണോ; പ്രതിഭ എംഎല്‍എയുടെ മകനെതിരെയുള്ള കഞ്ചാവ് കേസില്‍ മന്ത്രി സജി ചെറിയാൻ

പ്രതിഭ എംഎല്‍എയുടെ മകൻ ഉള്‍പ്പെട്ട കഞ്ചാവ് കേസിനെ നിസാരവല്‍ക്കരിച്ച്‌ മന്ത്രി സജി ചെറിയാൻ. കുട്ടികളല്ലേ കൂട്ടുകൂടി കാണും, വലിച്ചും കാണും അതിത്ര വല്യ കാര്യമാണോ എന്നാണ് സജി ചെറിയാൻ പ്രതികരിച്ചത്.

നമ്മുടെ കുട്ടികളല്ലേ. അവർ കൂട്ടുകൂടും. അങ്ങനെയിരുന്നു വർത്തമാനം പറഞ്ഞു കാണും. ആരാണ്ട് വന്നു പിടിച്ചു. കുട്ടികളായാല്‍ കമ്ബനിയടിക്കും പുകവലിക്കും. നമ്മള്‍ ആരും കുട്ടികള്‍ ആകാതെ ആണല്ലോ ഇങ്ങോട്ടുവന്നതെന്നും സജി ചെറിയാൻ പറഞ്ഞു. കായംകുളത്ത് എസ്. വാസുദേവൻ പിള്ള അനുസ്മരണത്തിലാണ് മന്ത്രിയുടെ പ്രതികരണം.

‌ചെറുപ്പത്തില്‍ ചെയ്തു കൂട്ടിയ കാര്യങ്ങള്‍ ഓർത്താല്‍ ഒരു പുസ്തകമെഴുതാം. വല്യ മഹാ അപരാധം ചെയ്ത പോലെയാ പറയുന്നത്. ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. മോശപ്പെട്ട കാര്യം ചെയ്തെന്ന് ഒരു കേസിലുമില്ല. ആ എഫ്‌ഐആർ താൻ വായിച്ചു നോക്കി. നമ്മള്‍ എല്ലാം വലിക്കുന്നവരല്ലേ. ഞാൻ സിഗരറ്റ് വലിക്കും. എം.ടി. കെട്ടുകണക്കിന് ബീഡി വലിക്കുമായിരുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. യു. പ്രതിഭ എംഎല്‍എയും വേദിയിലുണ്ടായിരുന്നു.

പ്രതിഭ എംഎല്‍എയുടെ മകനടക്കം ഒൻപത് യുവാക്കളെയാണ് തകഴിയില്‍ നിന്ന് കുട്ടനാട് എക്സൈസ് പിടികൂടിയത്. യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം എത്തിയത്. പരിശോധനയില്‍ ഇവരില്‍ നിന്ന് മൂന്നു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

എക്സൈസ് ചട്ടം 27-ാം വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചെന്നാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് റിപ്പോർട്ട്. കുപ്പിയില്‍ വെള്ളം നിറച്ച്‌ കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച്‌ വലിക്കുന്ന സംവിധാനം (ബോങ്ങ്) ഇവരില്‍ നിന്ന് കണ്ടെടുത്തതായും എക്സൈസ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *