കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ്; ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിലേക്ക്

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റെ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീംകോടതിയിലേക്ക്.

കേസില്‍ പ്രതികള്‍ കുറ്റം ചെയ്‌തെന്ന് കരുതുന്നില്ലെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസില്‍ പ്രതികളായ സിപിഎം നേതാവ് സി ആര്‍ അരവിന്ദാക്ഷനും മുന്‍ അക്കൗണ്ടന്റ് സികെ ജില്‍സിനും ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. അവരുടെ ജാമ്യ ഉത്തരവിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

ഹൈക്കോടതി എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പരാമര്‍ശിച്ചതെന്ന് വ്യക്തമാക്കുന്നില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. പ്രതികള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. പ്രോസിക്യൂഷന്‍ ആരോപണങ്ങളും പ്രതികളുടെ വിശദീകരണവും പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

കേസില്‍ അരവിന്ദാക്ഷന് കൃത്യമായ പങ്കുണ്ടെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന ഉറച്ച നിലപാടിലായിരുന്നു ഇഡിയുടെ തുടക്കം മുതലുള്ള വാദം.

കേസില്‍ ഒരു വര്‍ഷത്തിലധികമായി സി ആര്‍ അരവിന്ദാക്ഷനുംസികെ ജില്‍സിനും റിമാന്‍ഡിലായിരുന്നു. ഇനിയും ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്നും കേസില്‍ വിചാരണ വൈകുമെന്നതും കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ്സ് സി എസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വാദം കേട്ടത്.

വടക്കാഞ്ചേരി നഗരസഭാംഗമായ അരവിന്ദാക്ഷന്‍ ഒരു വര്‍ഷത്തിലേറെയായി ജയിലിലായിരുന്നു. നേരത്തെ അടുത്ത ബന്ധുവിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ പത്തുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ സിആര്‍ അരവിന്ദാക്ഷനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നത്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സുഹൃത്തായ അരവിന്ദാക്ഷന്‍ പണമിടപാടിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ഇ ഡി പറയുന്നത്. സതീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഇ ഡി കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *