സൊമാറ്റോ സി.ഇ.ഒ ദീപിന്ദർ ഗോയലിന് ഗുരുഗ്രാം മാളിലെ മുഖ്യകവാടത്തിലൂടെ പ്രവേശനം നിഷേധിച്ചു. ഗോയലിനും ഭാര്യ ഗ്രേസിയ മുന്നോസിനുമാണ് പ്രവേശനം നിഷേധിച്ചത്.
ഫുഡ് ഡെലിവറി ഏജന്റിന്റെ വേഷത്തിലായിരുന്നു ഇരുവരും മാളിലേക്ക് എത്തിയത്. എന്നാല്‍, മാളില്‍ നിന്നും അത്ര നല്ല അനുഭവമല്ല തനിക്കുണ്ടായതെന്ന് ദീപിന്ദർ ഗോയല്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു.
ഗുരുഗ്രാമിലെ അംബിയൻസ് മാളിലേക്കാണ് ഗോയല്‍ എത്തിയത്. എന്നാല്‍, പ്രധാന കവാടത്തിലൂടെ ഗോയലിന് പ്രവേശനത്തിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. സൊമാറ്റോയിലെ ഓർഡർ വാങ്ങുന്നതിനായി ഗോയലിന് പടികള്‍ കയറി പോകേണ്ടി വന്നു.
ഫുഡ് ഡെലിവറി ഏജൻറുമാർ നേരിടുന്ന വെല്ലുവിളികള്‍ എന്ന പേരിലാണ് സൊമാറ്റോ സി.ഇ.ഒ വിഡിയോ പങ്കുവെച്ചത്. സൊമാറ്റോ പോലുള്ള കമ്ബനികളുമായി മാളുകള്‍ സഹകരിക്കണമെന്നും ഗോയല്‍ അഭ്യർഥിച്ചിട്ടുണ്ട്. ജീവനക്കാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്താൻ മാളുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഗോയല്‍ പറഞ്ഞു.
മൂന്നുനില പടികള്‍ കയറിയാണ് ഓർഡർ സ്വീകരിക്കാനായി സൊമാറ്റോ സി.ഇ.ഒ ഹാല്‍ദിറാമിന്റെ ഷോപ്പിലേക്ക് എത്തിയത് . സ്റ്റൈയർകേസില്‍ ഓർഡറിന് വേണ്ടി ഡെലിവറി ഏജൻറുമാർ കാത്തിരിക്കുന്നതും താൻ കണ്ടുവെന്നും അവരുമായി സംസാരിക്കുകയും ചെയ്തുവെന്നും കമ്ബനി സി.ഇ.ഒ വെളിപ്പെടുത്തിയിട്ടുണ്ട്.