സത്യന്‍ മുതല്‍ ദിലീപ് വരെയുള്ളവരുടെ അമ്മയായ പൊന്നമ്മ, മികച്ച ഗായിക; 4 തവണ പുരസ്‌കാരം തേടിയെത്തി

മലയാള സിനിമയില്‍ അമ്മ എന്ന് പറഞ്ഞാല്‍ കവിയൂര്‍ പൊന്നമ്മയാണ്. സൂപ്പര്‍ താരങ്ങള്‍ അടക്കം എല്ലാവരുടെയും അമ്മ വേഷം കവിയൂര്‍ പൊന്നമ്മ ചെയ്തിട്ടുണ്ട്.

എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. കവിയൂര്‍ പൊന്നമ്മ വിടവാങ്ങുമ്ബോള്‍ മലയാള സിനിമയുടെ ഒരു തലമുറയുടെ അവസാനം കൂടിയാണ്. സുകുമാരി, കെപിഎസി ലളിത എന്നിവരുടെ ഒപ്പം പരിഗണിക്കപ്പെട്ടിരുന്ന നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ.

അഞ്ചാം വയസ്സില്‍ തന്നെ അത്യുലമായ കഴിവുകള്‍ പൊന്നമ്മ പ്രകടിപ്പിച്ചിരുന്നു. സംഗീതം ആ വയസ്സില്‍ അവര്‍ പഠിച്ചിരുന്നു. സ്റ്റേജ് ഷോകളിലും പാടാറുണ്ടായിരുന്നു. 14 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ തോപ്പില്‍ ഭാസിയുടെ മൂലധനമെന്ന നാടകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയലോകത്തേക്ക് എത്തുന്നത്.

കവിയൂര്‍ പൊന്നമ്മയുടെ സിനിമാ ജീവിതത്തിന്റെ തുടക്കം ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയായിരുന്നു.1962ലാണ് ഈ ചിത്രം പുറത്തിറക്കിയത്. മണ്ഡോദരിയുടെ വേഷമായിരുന്നു നടിക്ക്. കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു അവര്‍. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പല വേഷങ്ങളില്‍ കവിയൂര്‍ പൊന്നമ്മ മലയാള സിനിമ കണ്ടു.

ഇരുപത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ സത്യന്റെയും മധുവിന്റെയും അമ്മ വേഷത്തില്‍ അഭിനയിച്ച്‌ എല്ലാവരെയും ഞെട്ടിച്ചിരുന്നു കവിയൂര്‍ പൊന്നമ്മ. 1965ല്‍ പുറത്തിറങ്ങിയ തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തിലായിരുന്നു ഈ വേഷപകര്‍ച്ച. പിന്നീട് അമ്മ വേഷങ്ങളിലേക്ക് കവിയൂര്‍ പൊന്നമ്മയെ പരിഗണിക്കാന്‍ രണ്ടാമതൊന്ന് മലയാള സിനിമയ്ക്ക് ആലോചിക്കേണ്ടി വന്നിരുന്നില്ല.

ഒട്ടുമിക്ക താരങ്ങളുടെ അമ്മയായിരുന്നു സ്‌ക്രീനില്‍ അവര്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയവരുടെ അമ്മയായി സ്‌ക്രീനില്‍ എത്തിയിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ. സ്‌ക്രീനില്‍ കവിയൂര്‍ പൊന്നമ്മ-തിലകന്‍ ജോഡികളാണ് ഏറെ ജനപ്രിയം. കാട്ടുകുതിരയിലെയും കിരീടത്തിലെയും തിലകനൊപ്പമുള്ള പെര്‍ഫോമന്‍സ് എക്കാലയവും ഓര്‍മിക്കപ്പെടുമെന്ന് ഉറപ്പാണ്.

മോഹന്‍ലാലിന്റെ അമ്മ വേഷങ്ങളാണ് സ്‌ക്രീനില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്ബത്ത് പോലുള്ള ചിത്രങ്ങളില്‍ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിയാവര്‍ത്തനത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് കവിയൂര്‍ പൊന്നമ്മ വിഷം ചേര്‍ത്ത ചോറ് വാരിക്കൊടുക്കുന്നത് മലയാള സിനിമയിലെ തന്നെ ഏറ്റവും ദു:ഖകരമായ സീനായി മാറിയിരുന്നു.

നിരവധി ചിത്രങ്ങളില്‍ ഗാങ്ങള്‍ ആലപിച്ചിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ. അധികമാര്‍ക്കും അറിയാത്ത കാര്യമാണിത്. കാവിലമ്മ കരിങ്കാളി, മെതികളത്തിലെ, തുടങ്ങിയ ഗാനങ്ങള്‍ ജനപ്രിയമായിരുന്നു. കാക്കകുയിലെ ഉണ്ണികണ്ണാ വായോ എന്ന ഗാനവും ജനപ്രിയമായിരുന്നു. മലയാളത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നാല് തവണ കവിയൂര്‍ പൊന്നമ്മയെ തേടിയെത്തിയിട്ടുണ്ട്. 1971ലാണ് ആദ്യമായി പുരസ്‌കാരം ലഭിക്കുന്നത്.

1972ല്‍ തീര്‍ത്ഥയാത്ര എന്ന ചിത്രത്തിനായിരുന്നു രണ്ടാം തവണ പുരസ്‌കാരം, 1973ലും പൊന്നമ്മയെ തേടി പുരസ്‌കാരം വീണ്ടുമെത്തി. 1994ല്‍ തേന്‍മാവിന്‍ കൊമ്ബത്തിനാണ് അവസാനമായി പുരസ്‌കാരം ലഭിച്ചത്. മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നാല് തവണ നേടിയ സുകുമാരി, കെപിഎസി ലളിത എന്നിവര്‍ക്കൊപ്പമാണ് കവിയൂര്‍ പൊന്നമ്മയുടെയും സ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *