യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; സ്റ്റേ നീക്കാൻ എ.ജിക്ക് സര്‍ക്കാര്‍ നിര്‍ദേശം

മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസില്‍ അറസ്റ്റ് തടഞ്ഞ ഹൈകോടതി നടപടി ഒഴിവാക്കാൻ ആവശ്യമായ നിയമ നീക്കം നടത്താൻ അഡ്വക്കറ്റ് ജനറലിന് കർണാടക സർക്കാർ നിർദേശം.

കർണാടക സർക്കാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ ബി.ജെ.പിയും ജെ.ഡി-എസും തുറന്ന സമരത്തിനിറങ്ങിയതിന് പിന്നാലെയാണ് യെദിയൂരപ്പക്കെതിരായ കേസില്‍ കോണ്‍ഗ്രസ് സർക്കാർ നടപടി കടുപ്പിക്കുന്നത്. പോക്സോ കേസില്‍ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഹൈകോടതി നടപടി ഒഴിവായാല്‍ യെദിയൂരപ്പക്കെതിരെ തുടർ നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം.

അഡ്വക്കറ്റ് ജനറലിനോട് പോക്സോ കേസിലെ സ്റ്റേ ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും സ്റ്റേ ഒഴിവായാല്‍ യെദിയൂരപ്പക്കെതിരെ നിയമ നടപടി തുടരുമെന്നും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വ്യക്തമാക്കി. കേസില്‍ യെദിയൂരപ്പക്ക് സ്വന്തം നിലയില്‍ നിയമ നടപടി സ്വീകരിക്കാം. ഞങ്ങള്‍ ഞങ്ങളുടേതായ രീതിയിലും നിയമ നടപടി സ്വീകരിക്കും -ആഭ്യന്തരമന്ത്രി പറഞ്ഞു. 17കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കഴിഞ്ഞ മാർച്ച്‌ 14നാണ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഡോളേഴ്സ് കോളനിയിലെ യെദിയൂരപ്പയുടെ വീട്ടില്‍വെച്ചുള്ള കുടിക്കാഴ്ചക്കിടെ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സി.ഐ.ഡി ഏറ്റെടുത്ത് ജൂണ്‍ 27ന് ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹരജി പരിഗണിച്ച ഹൈകോടതി, അന്വേഷണവുമായി സി.ഐ.ഡിക്ക് മുന്നോട്ടുപോവാൻ അനുമതി നല്‍കിയെങ്കിലും യെദിയൂരപ്പയുടെ അറസ്റ്റ് ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു. ഇതിനെതിരെയാണ് കർണാടക സർക്കാറിന്റെ പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *