24,657 കോടിയുടെ പുതിയ പദ്ധതികള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.രാജ്യത്ത് 900 കിലോമീറ്റര്‍ പുതിയ റെയില്‍പാതയ്ക്ക് അനുമതി.
ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകള്‍ക്കാണ് അനുമതി. കേരളത്തിലൂടെയുള്ള പാതകള്‍ പട്ടികയിലില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്ബത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് എട്ട് റെയില്‍വേ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 14 ജില്ലകളിലൂടെയാണ് പാത കടന്നുപോവുക. ഈ പദ്ധതികള്‍ക്കൊപ്പം 64 പുതിയ സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. ഇതിലൂടെ കിഴക്കന്‍ സിംഗ്ബം, ഭദാദ്രി കോതഗുഡെം, മല്‍ക്കന്‍ഗിരി, കലഹണ്ടി, നബരംഗ്പൂര്‍, രായഗഡ തുടങ്ങിയ ജില്ലകളിലെ 510 ഗ്രാമങ്ങളിലെ 40 ലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പുതിയ എട്ട് റെയില്‍വേ ലൈനുകളില്‍ കൂടുതലും ഒഡീഷയില്‍ ആണ്. ഗുണുപൂര്‍ – തെരുബാലി, ജുനഗര്‍-നബ്രംഗ്പൂര്‍, ബദാംപഹാര്‍ – കന്ദുജാര്‍ഗഡ്, ബംഗ്രിപോസി – ഗോരുമാഹിസാനി എന്നിവ ഒഡീഷയിലാണ്. മല്‍ക്കന്‍ഗിരി – പാണ്ഡുരംഗപുരം (ഭദ്രാചലം വഴി) പാത ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. ബുരാമറയ്ക്കും ചകുലിയയ്ക്കും ഇടയിലുള്ള റെയില്‍വേ ലൈന്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. ജല്‍ന – ജല്‍ഗാവ് പാത മഹാരാഷ്ട്രയിലും ബിക്രംശില – കതാരേഹ് റെയില്‍ പാത ബിഹാറിലുമാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍, വളം, കല്‍ക്കരി, ഇരുമ്ബയിര്, സ്റ്റീല്‍, സിമന്റ്, ബോക്സൈറ്റ്, ചുണ്ണാമ്ബുകല്ല്, അലുമിനിയം പൌഡര്‍ തുടങ്ങിയ ചരക്കുനീക്കത്തിന് അവശ്യ പാതകളാണിവയെന്ന് സര്‍ക്കാര്‍ അറിയിച്ചു.