പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പ് നല്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഭരണം നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മോദി ഒറ്റപ്പെടുമെന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്.
ബജറ്റില്‍ ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതല്‍ പരിഗണന നല്കിയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പരാമര്‍ശം. സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തലാണ് മോദിയുടെ ലക്ഷ്യമെങ്കില്‍ അദ്ദേഹത്തിന് അധികാരം രക്ഷിക്കാനാകും പക്ഷേ രാജ്യം രക്ഷിക്കാനാവില്ല എന്നും സ്റ്റാലിന് എക്സില്‍ കുറിച്ചു.
ബജറ്റില്‍ മറ്റ് സംസ്ഥാനങ്ങളെ അവഗണിച്ചെന്നാരോപിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. ‘കേന്ദ്രബജറ്റില്‍ നിന്ന് നിരവധി സംസ്ഥാനങ്ങളെ പുറത്താക്കിയതില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇന്‍ഡ്യ സഖ്യം. പ്രധാനമന്ത്രി നരേന്ദ്രമോദീ, താങ്കള്‍ പറഞ്ഞത് തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനി നമുക്ക് രാജ്യത്തെക്കുറിച്ച് ചിന്തിക്കാം എന്നായിരുന്നു. പക്ഷേ, ഇന്നലെ അവതരിപ്പിച്ച ബജറ്റ് നിങ്ങളുടെ അധികാരത്തെ സംരക്ഷിക്കുന്നതാണ്, രാജ്യത്തെ രക്ഷിക്കുന്നതല്ല. സര്‍ക്കാരിനെ പൊതുവായി മുന്നോട്ടുനയിക്കൂ. നിങ്ങളെ തോല്പ്പിച്ചവരോടുള്ള പകതീര്‍ക്കല്‍ നടത്താതിരിക്കൂ. രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് താങ്കള്‍ സര്‍ക്കാരിനെ നയിക്കാന്‍ പോകുന്നതെങ്കില്‍, ഞാന്‍ മുന്നറിയിപ്പ് നല്കുന്നു, താങ്കള്‍ തീര്‍ത്തും ഒറ്റപ്പെടും’. സ്റ്റാലിന് എക്സില്‍ കുറിച്ചു.