വെടിയേറ്റ താൻ മരിച്ചുപോകുമെന്നാണ് ആദ്യം കരുതിയതെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊലപാതകശ്രമം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഒരു മാദ്ധ്യമത്തിന് ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ തുറന്നു പറച്ചില്‍.
വിചിത്രമായ അനുഭവമായിരുന്നു അതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇപ്പോള്‍ താൻ ഇവിടെ ഇരിക്കേണ്ട ആളല്ലെന്നും, മരിച്ച് പോയിട്ടുണ്ടാകുമായിരുന്നുവെന്നും ട്രംപ് പറയുന്നു.
പെൻസില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ട്രംപിന് വെടിയേല്‍ക്കുന്നത്. വലത് ചെവിയുടെ മുകള്‍ഭാഗത്തായി ബുള്ളറ്റ് തറഞ്ഞ് കയറുകയായിരുന്നു. അക്രമിയെ നിമിഷനേരത്തിനുള്ളില്‍ സുരക്ഷാ സേന വധിച്ചിരുന്നു. ട്രംപിനേയും സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ട്രംപ് അധികം വൈകാതെ ആശുപത്രി വിടുകയും ചെയ്തിരുന്നു.
” വല്ലാത്ത അനുഭവമായിരുന്നു അത്. അനധികൃത കുടിയേറ്റക്കാരെ കുറിച്ച് സംസാരിക്കാനൊരുങ്ങുകയായിരുന്നു അപ്പോള്‍. അതിന്റെ ചാർട്ട് വായിക്കാൻ തല വലത്തേക്ക് ചെരിച്ചില്ലായിരുന്നുവെങ്കില്‍ തീർച്ചയായും മരിച്ച് പോയേനെ. ഭാഗ്യം കൊണ്ടോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടോ ആണ് രക്ഷപ്പെടാൻ സാധിച്ചത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്ന് ആളുകള്‍ പറയുന്നു.
അക്രമിയെ സീക്രട്ട് സർവീസ് ഏജന്റുമാർ കൊലപ്പെടുത്തി. നിമിഷനേരത്തിനുള്ളില്‍ അവർക്കത് സാധ്യമായി. അവർ അവരുടെ ജോലി നന്നായി ചെയ്തു. നമ്മള്‍ എല്ലാവർക്കും ഇത് അല്‍പ്പം അമ്ബരപ്പിക്കുന്ന നിമിഷമാണ്. പക്ഷേ റിപ്പബ്ലിക്കൻ കണ്‍വെൻഷന് വേണ്ടി ഞാൻ തയ്യാറാക്കിയ പ്രസംഗം ഇനി തിരുത്തി എഴുതാൻ പോവുകയാണ്. നിലവിലെ ഭരണസംവിധാനത്തെക്കുറിച്ചായിരുന്നു ആദ്യം പറയാൻ തയ്യാറായിരുന്നത്. എന്നാല്‍ രാജ്യത്തെ ഒന്നിപ്പിക്കാൻ സഹായിക്കുന്ന ഒന്നിന് വേണ്ടി ഇപ്പോഴുള്ളത് കളയുകയാണെന്നും” ട്രംപ് പറയുന്നു.