സുഗന്ധഗിരി മരംമുറി കേസില്‍ ഡിഎഫ്ഒ ഷജ്ന കരീമിന് സസ്പെന്ഷന്. റേഞ്ച് ഓഫീസര്‍ സജീവന്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയും സസ്പെന്‍ഡ് ചെയ്തു.
ഇതോടെ കേസില്‍ സസ്പെന്‍ഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒമ്ബതായി. സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നാണ് കേസ്.
കേസില്‍ 18 ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിശോധന നടത്താതെ മരംമുറിക്കുന്നതിനു പാസ് അനുവദിച്ചതും കുറ്റകൃത്യം നടക്കുന്നെന്ന് അറിഞ്ഞിട്ടും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തതില്‍ റേഞ്ച് ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച ഉണ്ടായെന്നായിരുന്നു കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് വനം അഡി. ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.