‘എന്നെ ടാര്‍ഗറ്റ് ചെയ്യാൻ ശ്രമം, എനിക്കെതിരെ വിധി നേടാൻ ആര്‍ക്കും കഴിഞ്ഞിട്ടില്ല, മുഖ്യമന്ത്രി മിടുമിടുക്കൻ, സതീശനോട് പിണക്കമില്ല’: വെള്ളാപ്പള്ളി നടേശൻ

എസ്.എൻ. ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വോട്ടുപെട്ടി പൊട്ടിച്ചപ്പോള്‍ എതിരാളികള്‍ പൊട്ടിപ്പോയെന്ന് പരിഹസിച്ച്‌ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

തന്നെ വ്യക്തിപരമായി ലക്ഷ്യം വെച്ച്‌ വേട്ടയാടുകയാണെന്നും, ഒരു കേസില്‍ പോലും തനിക്കെതിരെ വിധി നേടാൻ എതിരാളികള്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Vellappally Natesan Mocks Rivals After SN Trust Election Praises CM)

തന്നെ കേസുകളില്‍ കുടുക്കാനും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാനും നിരന്തരം ശ്രമങ്ങള്‍ നടക്കുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചിലർ മാറിനിന്ന് തന്നെ വേട്ടയാടുകയാണ്. 30 കൊല്ലമായി ഇതാണ് തുടരുന്നത്. എന്നാല്‍ ഒരു കേസില്‍ പോലും തനിക്കെതിരെ അനുകൂല വിധി സമ്പാദിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. തന്നെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും മുന്നണിയിലെ തർക്കങ്ങളെക്കുറിച്ചും വെള്ളാപ്പള്ളി നടേശൻ തന്റെ നിലപാടുകള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി മിടുമിടുക്കനാണെന്ന് എല്ലാവരും സർട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞു. വി.ഡി. സതീശനോട് പിണക്കമില്ല, പണ്ടും ഉണ്ടായിരുന്നില്ല. പ്രശ്നാധിഷ്ഠിതമായി മാത്രമാണ് അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ളത്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സതീശന് പക്വത കുറവുണ്ടായിരുന്നുവെന്നും, ഇപ്പോള്‍ പക്വത വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണിച്ചുകുളങ്ങരയില്‍ വന്നാല്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

മുന്നണിക്കുള്ളില്‍ പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. ലീഗിന് കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കിയോ ഇല്ലയോ എന്നതില്‍ പരാതിയില്ല. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നീട് പരിഹരിച്ച്‌ അവർ ഒന്നിക്കുമെന്നും അഭിപ്രായം പറയുന്നവർ പിന്നീട് ഒറ്റപ്പെടുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യമാണെന്നും, അവിടെ കയറി പോകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *