ആരോഗ്യവകുപ്പ് നിലവില്‍ നേരിടുന്ന ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ക്ഷാമം നേരിടുന്നതിനായി 3000ത്തില്‍ അധികം ഡോക്ടർമാരെയും ആനുപാതികമായി ജീവനക്കാരെയും നിയമിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ് എന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട് എന്നും വിഷയം സർക്കാർ പരിഗണനയില്‍ ആണെന്നും മന്ത്രി അറിയിച്ചു. ജീവനക്കാരെ മൂന്ന് ഘട്ടമായി നിയമനം പൂർത്തിയാക്കാനാണ് തീരുമാനം. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമനം ലഭിച്ച ജീവനക്കാർ ഏറ്റവും കുറഞ്ഞത് രണ്ടു വർഷം ജില്ലകളില്‍ സേവനം നടത്തിയതിനുശേഷം മാത്രമേ ട്രാൻസ്ഫറുകള്‍ അനുവദിക്കുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു.
എയിംസ് കേരളത്തില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ സംസ്ഥാനത്ത് നാലു പ്രദേശങ്ങളിലാണ് നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തി നല്‍കിയത് .അതിലൊന്ന് കാസർകോട് പെരിയയില്‍ ആണെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ സർക്കാർ സംവിധാനത്തില്‍ എം.ആർ.ഐ സ്കാനിംഗ് സംവിധാനം ഇല്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രശ്നത്തിന് ജില്ല വിടുന്നതിന് മുൻപ് തന്നെ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു.
കായകല്പം പരിപാടിയില്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും സർക്കാർ ആശുപത്രി സംവിധാനങ്ങളുടെ ന്യൂനതകള്‍ പരിശോധിച്ച് പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി. കാസർകോട് മെഡിക്കല്‍ കോളേജിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് പ്രത്യേക യോഗം അവലോകന യോഗം ചേരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നഴ്സിംഗ് വിദ്യാർത്ഥികളുടെ ഹോസ്റ്റല്‍ വിഷയത്തില്‍ കാസർകോട് ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
