കോഴിക്കോട്: സ്കൂൾ വിനോദയാത്രയ്ക്കിടെ എട്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ എലത്തൂർ പൊലീസ് എട്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. കോഴിക്കോട് വെങ്ങളത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന സലിത്, സെപ്റ്റംബർ 24ന് ഹൈസ്കൂൾ വിദ്യാർഥികളുമായി നടത്തിയ വിനോദയാത്രയ്ക്കിടെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി.
യാത്രയ്ക്കിടെ അധ്യാപകന്റെ പെരുമാറ്റത്തെക്കുറിച്ച് വിദ്യാർഥിനികൾ മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ വിനോദയാത്ര പൂർത്തിയാക്കി മടങ്ങിയെത്തിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ എട്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത്.
കേസെടുത്തതിന് പിന്നാലെ സലിത് ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വെങ്ങളത്ത് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
