അഭിരാമിന്റെ കൊലപാതകം; പ്രതികള്‍ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്; കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ 17 കാരൻ അഭിരാമിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്.

കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. അഭിറാമിന്റെ ഇൻസ്റ്റഗ്രാം ചാറ്റുകള്‍ ഡിലീറ്റായതെങ്ങനെയെന്നും പരിശോധിക്കും. കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്താൻ തിരച്ചില്‍ പുരോഗമിക്കുകയാണ്. അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെണ്‍സുഹൃത്തുമായി ഷെയർ ചെയ്യപ്പെട്ടിരുന്നതായാണ് സൈബർസെല്‍ കണ്ടെത്തല്‍.

അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാത്രി 10:52നാണ് 17 കാരനെ കാണാനില്ലെന്ന പരാതി സ്റ്റേഷനില്‍ ലഭിക്കുന്നതെന്നും പരാതി ലഭിക്കുമ്പോഴേക്കും യുവാവ് കൊല്ലപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് ബന്ധുക്കളുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍, ഒന്നാം പ്രതിയായ 17 കാരനായ കുട്ടിയെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും, പ്രായപൂർത്തിയാകാത്തതിനാല്‍ പുലർച്ചയോടെ വിട്ടയക്കുകയായിരുന്നു എന്നും റിപ്പോർട്ടില്‍ പറയുന്നു. മണിക്കൂറുകള്‍ക്കകം പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞെന്നും പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *