സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മറുപടി നല്‍കി.
വിജിലൻസ് കേസ് ഒരാഴ്ചത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതും നിയമസഭാ സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകളും ചൂണ്ടിക്കാട്ടിയാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇതില്‍ നിയമോപദേശം തേടിയിട്ടാവും ഇഡിയുടെ തുടർ നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഇഡിക്ക് അന്വേഷണം നടത്തണമെങ്കില്‍ സംസ്ഥാന ഏജൻസി കേസ് രജിസ്റ്റർ ചെയ്യണമായിരുന്നു. വിജിലൻസ് രണ്ട് എഫ്‌ഐആറുകള്‍ ഇട്ടതിലൂടെ ഇഡിക്ക് മുന്നിലുള്ള തടസ്സം നീങ്ങിയിരുന്നു. തുടർന്ന് പിണറായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു.
ശനിയാഴ്ച പിണറായിയുടെ ബേക്കറി ജംഗ്ഷനിലെ വസതിയിലെത്തിയ ഇ ഡി ഇദ്യോഗസ്ഥർ പിണറായിയും കുടുംബവും കണ്ണൂരില്‍ ആയതിനാല്‍ വീടിന്റെ ചുവരില്‍ നോട്ടീസ് പതിപ്പിച്ച് മടങ്ങുകയായിരുന്നു. നോട്ടീസില്‍ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്താനായിരുന്നു നിർദ്ദേശിച്ചിരുന്നത്. ചുവരില്‍ നോട്ടീസ് പതിപ്പിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്തുവന്നിരുന്നു.
