ഡല്‍ഹി ജന്തർമന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യല്‍ കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടി.
അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചതിനെ തുടർന്ന് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് നടപടി.
ഇരുവരെയും മോചിപ്പിച്ചാല്‍ വീണ്ടും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പൊലിസ് കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, പുതിയ പ്രതിഷേധങ്ങള്‍ക്കൊന്നും ആഹ്വാനം ചെയ്തിട്ടില്ലെന്ന് നേതാക്കള്‍ കോടതിയെ അറിയിച്ചെങ്കിലും പൊലിസ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ജാമ്യനടപടികള്‍ മനഃപൂർവം വൈകിപ്പിക്കാനും തടസങ്ങള്‍ സൃഷ്ടിക്കാനും ഡല്‍ഹി പൊലിസ് ശ്രമിക്കുകയാണെന്ന് സിജെപി നിയമകാര്യ ചുമതലയുള്ള രത്ന സിംഗ് ആരോപിച്ചു. ഞായറാഴ്ച നിശ്ചയിച്ചിരുന്ന വാദം വൈകിക്കുകയും, ഭീഷണി സന്ദേശം ലഭിച്ചെന്ന പേരില്‍ മജിസ്ട്രേറ്റ് പെട്ടെന്ന് നടപടികളില്‍ നിന്ന് പിന്മാറുകയും ചെയ്തത് അസാധാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണ നടപടികളില്‍ പ്രതിഷേധിച്ചും ഒക്ടോബർ 13-നാണ് ദേശീയപതാകയേന്തി പ്രതിഷേധിച്ച സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ തിഹാർ ജയിലിലേക്ക് മാറ്റുകയായിരുന്നു.
