ഭീരുക്കള്‍ കോണ്‍ഗ്രസ് വിട്ടുവെന്ന് രാഹുല്‍ ഗാന്ധി, ‘അവരെല്ലാം നിങ്ങളുടെ കൂട്ടുകാരായിരുന്നു’ എന്ന് മല്ലികാര്‍ജുൻ ഖാര്‍ഗെ!

പാർട്ടിയിലെ യുവ നേതാക്കളോട് സംസാരിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശത്തിന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നല്‍കിയ മറുപടി തമാശയ്ക്ക് കാരണമായി.

അധികാരവും സുരക്ഷയും ആഗ്രഹിച്ചോ, അല്ലെങ്കില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും ഭയന്നോ ആണ് ആസാദും സിന്ധ്യയും പോലുള്ള സ്വാർത്ഥരും ഭീരുക്കളുമായ നേതാക്കള്‍ പാർട്ടി വിട്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടില്‍ പറയുന്നു.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് എന്നിവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി, “പേടിത്തൊണ്ടന്മാരും സ്വാർത്ഥരും” പാർട്ടി വിട്ടതിനുശേഷം കോണ്‍ഗ്രസില്‍ ഇനി “സിംഹങ്ങള്‍” മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് രാഹുല്‍ ഗാന്ധി യുവനേതാക്കളോട് പറഞ്ഞു. ഈ സമയത്ത്, പാർട്ടി വിട്ടുപോയ നേതാക്കളെല്ലാം രാഹുലിന്റെ “കൂട്ടുകാരായിരുന്നു” എന്ന് ഖാർഗെ തമാശരൂപേണ ഓർമ്മിപ്പിച്ചത് ചിരിപടർത്തി.

ഖാർഗെയുടെ പരാമർശത്തില്‍ ചെറുതായി ലജ്ജിതനായ രാഹുല്‍ ഗാന്ധി ആദ്യം പ്രിയങ്ക ഗാന്ധിയെ കൂട്ടുപിടിച്ചു. സിന്ധ്യ തന്റെ കൂട്ടുകാരൻ ആയിരുന്നില്ല എന്ന് പ്രിയങ്കയ്ക്ക് അറിയാം, അവർ അടുത്ത് ഇരിക്കുന്നുണ്ട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പിന്നീട് മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായുള്ള തന്റെ ചെറുപ്പകാലത്തെ സംഭാഷണവും രാഹുല്‍ ഉദാഹരണമായി പറഞ്ഞു.

“എന്റെ രാഷ്ട്രീയ പരിശീലനം ലഭിച്ചത് മുത്തശ്ശിയില്‍ നിന്നാണ്. ഒരിക്കല്‍ ഞാൻ മുത്തശ്ശിയോട് ചോദിച്ചു, ‘ആരാണ് നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത്?’ തനിക്ക് ഏറ്റവും നല്ലൊരു സുഹൃത്തില്ലെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. ഞങ്ങളുടെ വീട്ടില്‍ അടിക്കടി വരാറുള്ള ഒരു സ്ത്രീയുടെ പേര് പറഞ്ഞ്, ‘അവർ നിങ്ങളുടെ ഏറ്റവും നല്ല കൂട്ടുകാരിയല്ലേ?’ എന്ന് ഞാൻ ചോദിച്ചു. അതിന് മുത്തശ്ശി മറുപടി നല്‍കി: ‘അല്ല, ഞാൻ അവരുടെ ഏറ്റവും നല്ല കൂട്ടുകാരിയായിരിക്കാം, പക്ഷേ അവർ എന്റെ ഏറ്റവും നല്ല കൂട്ടുകാരിയല്ല.’

താനൊരു രാഷ്ട്രീയ വ്യക്തിത്വമാണ്. സുഹൃത്താണെന്ന് തോന്നുന്ന ഒരാള്‍ യഥാർത്ഥത്തില്‍ അങ്ങനെയാകണമെന്നില്ല, എന്റെ ശത്രുവാണെന്ന് തോന്നുന്നയാള്‍ യഥാർത്ഥത്തില്‍ ശത്രുവാകണമെന്നുമില്ല. അതുകൊണ്ട് എന്റെ യഥാർത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് തിരിച്ചറിയുക നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ് എന്നും ഇന്ദിരഗാന്ധിയുമായി നടന്ന സംഭാഷണം ഉദ്ധരിച്ച്‌ രാഹുല്‍ പറഞ്ഞുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *