ഇലക്ഷൻ കമ്മീഷൻ ആര്‍.എസ്.എസിന്റെ ചട്ടുകം; കേന്ദ്രം ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ!

സി.എം.ആർ.എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീല്‍ നല്‍കണമായിരുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.


ഗോവിന്ദൻ. കേസെടുക്കാൻ തക്കവിധം യാതൊരു തെളിവുകളുമില്ലാതെയാണ് കോടതി വിധി വന്നതെന്നും ഈ വിഷയത്തില്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തെളിവുകളില്ലാത്ത കേസുകളില്‍ എഫ്.ഐ.ആർ ഇടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഇന്ന് കോടതി തന്നെ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര ഏജൻസികള്‍ കേസെടുക്കണമെന്ന് നിർദ്ദേശിച്ചപ്പോള്‍ തമിഴ്നാടും പഞ്ചാബും നിരാകരിച്ചു. കേരളത്തില്‍ പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിക്കുകയാണ് ചെയ്തതെന്ന് അദേഹം കുറ്റപ്പെടുത്തി. ഈ നീക്കങ്ങളിലൂടെ ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യങ്ങളാണ് നടപ്പിലാകുന്നത്. വി.ഡി. സതീശൻ നടപ്പിലാക്കുന്നത് കോണ്‍ഗ്രസിന്റെ നയമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ സംസ്ഥാനത്ത് രണ്ട് പ്രധാന കേന്ദ്രങ്ങളില്‍ സെമിനാർ സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. കേന്ദ്രം ജനാധിപത്യത്തെ തകർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കേന്ദ്ര സർക്കാർ ഇലക്ഷൻ കമ്മീഷനെ ആർ.എസ്.എസിന്റെ ചട്ടുകമായി ഉപയോഗിക്കുകയാണെന്ന് ഗോവിന്ദൻ ആരോപിച്ചു. രാജ്യത്താകെ 13 കോടിയിലധികം വോട്ടർമാരെ വോട്ടർ പട്ടികയില്‍ നിന്ന് നിയമവിരുദ്ധമായി ഒഴിവാക്കിയിരിക്കുകയാണ്. ഇതിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയർന്നുവരുന്നുണ്ടെന്നും സമരരംഗത്തെ പ്രതിപക്ഷ യോജിപ്പ് ജനാധിപത്യം അതിജീവിക്കുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെടുമ്പാശ്ശേരി വാഹനാപകട കേസിലും പ്രതിപക്ഷത്തെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കി അദ്ദേഹം സംസാരിച്ചു. നെടുമ്പാശ്ശേരി അപകടത്തില്‍ കൊലയാളിയെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. ദുർബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രതിയെ ജയിലിലടയ്ക്കുന്നതിന് പകരം ബോർസ്റ്റല്‍ ഹോമിലേക്ക് അയച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ട്. എഫ്.ഐ.ആറില്‍ പ്രതിയുടെ പേരോ മദ്യപിച്ച വിവരമോ ചേർത്തിട്ടില്ലെന്നത് സംഭവത്തിലെ ദുരൂഹത വ്യക്തമാക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *