ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച്‌ ഇന്ന്; കനത്ത സുരക്ഷ, ആറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച്‌ ഇന്ന്; കനത്ത സുരക്ഷ, ആറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം ഡല്‍ഹിയില്‍ തുടരുന്നു.

ഇന്‍ഡ്യ സഖ്യത്തിന്റെ സുപ്രിംകോടതിയിലേക്കുള്ള ഡല്‍ഹി ചലോ മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയിലെ ആറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രിംകോടതിയിലേക്ക് മാര്‍ച്ച്‌ നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ത്യ ഒന്നാകെ സുപ്രിംകോടതിയിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പ്രഖ്യപിച്ചത്. സിജെപിയും പ്രതിപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകളും രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം ഇന്നും തുടരും.

പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള കവാടങ്ങള്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് നാലുമണി വരെയാണ് അടച്ചിരിക്കുന്നതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പട്ടേല്‍ ചൗക്ക്, ജന്‍പഥ്, രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ബരാഖംബ റോഡ് എന്നിങ്ങനെ ആറ് മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.

കൊണാട്ട് പ്ലേസില്‍ നിന്ന് ആരംഭിക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം എ ബേബി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം പ്രതിഷേധത്തിനിടയില്‍ പോലിസ് മര്‍ദ്ദനത്തിനിരയായ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭാ ചെയര്‍മാന് അവകാശ ലംഘന നോട്ടീസ് നല്‍കും.

വോട്ടുകൊള്ളയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ തിങ്കളാഴ്ച സുപ്രിംകോടതിയിലേക്ക് മാര്‍ച്ച്‌ നടത്താന്‍ പദ്ധതിയിട്ടിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കണ്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ സമയം തേടിയിരുന്നുവെങ്കിലും സമാന വിഷയങ്ങള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണെന്ന കാരണത്താല്‍ അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നിലനില്‍ക്കേ വീണ്ടും മെട്രോ സ്റ്റേഷനുകള്‍ അടച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ആറ് സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സുപ്രിംകോടതി പരിസരത്തും ജന്തര്‍മന്ദറിലേക്കുള്ള വഴികളിലുമായി 35,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ 37 പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ ഗതാഗതവും ജനക്കൂട്ടവും നിയന്ത്രിക്കുകയാണ് പോലിസ്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് കെപിസിസി നീക്കം. ഇന്ന് തലസ്ഥാനത്ത് ജനാധിപത്യ സംഗമം സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സംഗമത്തില്‍ പങ്കെടുക്കും. സാംസ്‌കാരിക നായകരും അണിനിരക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. വൈകീട്ട് അഞ്ചു മണിക്ക് ഗാന്ധി പാര്‍ക്കിലാണ് ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കുക. ജില്ലാതലങ്ങളിലും ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കുമെന്നും അറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *