ഡിജിറ്റല്‍ സാക്ഷരതയില്ലാതെ മുന്നോട്ടുപോകാനാകില്ല: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച്‌ സമൂഹത്തെ സജ്ജമാക്കേണ്ടത് ഭരണാധികാരികളുടെയും കമ്മ്യൂണിറ്റി ലീഡർമാരുടെയും ചുമതലയാണെന്ന് വിവരസാങ്കേതികവിദ്യ, നിർമിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി.കെ.


കുഞ്ഞാലിക്കുട്ടി. ഡിജിറ്റല്‍ യുഗത്തില്‍ സാക്ഷരതയും സാങ്കേതിക അറിവും ഇല്ലാതെ ജനങ്ങള്‍ക്ക് ഇനി മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സുരക്ഷാ ബോധവല്‍ക്കരണത്തിനായി കേരള സ്റ്റേറ്റ് ഐടി മിഷന്റെയും ഐസിടി അക്കാദമിയുടെയും സഹകരണത്തോടെ വകുപ്പ് നടപ്പിലാക്കുന്ന സൈബർ ജാഗ്രത കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി സാങ്കേതികവിദ്യയെ ഉപയോഗിക്കാൻ തുടങ്ങിയതോടെ നിരവധി പ്രശ്‌നങ്ങളും കെണികളും ഉയർന്നുവരുന്നുണ്ട്. ഇന്ന് ജനജീവിതം ടെക്‌നോളജി അസിസ്റ്റഡ് ആയി മാറി. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ വരവോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമായി. കൃത്യമായ ധാരണയില്ലെങ്കില്‍ വലിയ ചൂഷണങ്ങള്‍ക്കും കെണികള്‍ക്കും ഇരയാകുമെന്നും മന്ത്രി പറഞ്ഞു.

ടെക്‌നോളജി സുരക്ഷിതമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കില്‍ അത് സാധാരണക്കാരെ ചൂഷണം ചെയ്യാനുള്ള മാർഗമായി മാറും. ഈ സാഹചര്യത്തിലാണ് സർക്കാർ ഡിജിറ്റല്‍ സുരക്ഷ മുൻനിർത്തി വിപുലമായ കാമ്പയിനുകളുമായി മുന്നോട്ടു പോകുന്നത്. സൈബർ ജാഗ്രത വളരെ പ്രധാനപ്പെട്ടതാണെന്നും മറ്റു വകുപ്പ് മന്ത്രിമാർ ഉള്‍പ്പെടെ എല്ലാവരും കൈകോർത്ത് നടത്തേണ്ട ഇത്തരം പദ്ധതികള്‍ സമൂഹത്തിന് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാരും സമൂഹവും കൈകോർക്കുന്ന ഒരു വലിയ ജനകീയ കൂട്ടായ്മയായിട്ടാണ് ഈ കാമ്പയിൻ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധ്യക്ഷനായ മന്ത്രി സി പി ജോണ്‍ പറഞ്ഞു. കേവലം അക്ഷരജ്ഞാനം കൊണ്ട് മാത്രം ജീവിക്കാൻ കഴിയാത്ത വിജ്ഞാന സമൂഹത്തില്‍ സൈബർ അറിവ് അത്യാവശ്യമാണ്. ഓണ്‍ലൈൻ തട്ടിപ്പുകളെക്കുറിച്ചും സുരക്ഷാ മാർഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തതിനാല്‍ നിരവധിയാളുകള്‍ കെണിയില്‍ അകപ്പെടുന്ന സാഹചര്യത്തിലാണ് ഈ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചിട്ടുള്ളത്. സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികള്‍, ചെറുപ്പക്കാർ, വീട്ടമ്മമാർ എന്നിവരെ വോളന്റിയർമാരായും ആയിരക്കണക്കിന് ആളുകളെ പദ്ധതിയുടെ അംബാസഡർമാരായും പങ്കാളികളാക്കി ജനങ്ങളിലേക്ക് നേരിട്ട് സൈബർ സുരക്ഷാ വിവരങ്ങള്‍ എത്തിക്കും. 25 വർഷം മുൻപ് മലപ്പുറം ജില്ലയില്‍ തുടക്കം കുറിച്ച ചരിത്രപ്രസിദ്ധമായ ‘അക്ഷയ’ പദ്ധതിയുടെ മാതൃകയിലാണ് ഈ കാമ്പയിൻ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *