മലപ്പുറം: നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർഥികൾക്ക് എംഡിഎംഎ എത്തിച്ചുനൽകിയെന്ന കേസിൽ കോളജ് അധ്യാപകൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് കോളജിലെ അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ, റീന ടി.എൻ., വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെ.എം.യുടെ നേതൃത്വത്തിലായിരുന്നു നടപടി.
ആദ്യഘട്ടത്തിൽ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ, വിവേക്, റീന എന്നിവർക്ക് സ്ഥിരമായി എംഡിഎംഎ എത്തിച്ചുനൽകിയിരുന്നതായി വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ വിശദമായ അന്വേഷണത്തിൽ അധ്യാപകൻ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നതായി വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു.
മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈൽ കഴിഞ്ഞ മൂന്ന് വർഷമായി മമ്പാട് കോളജിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. കൊണ്ടോട്ടി, മഞ്ചേരി മേഖലകളിലെ മൊത്തവിതരണക്കാരിൽ നിന്ന് എംഡിഎംഎ വാങ്ങി വിൽപ്പന നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
മമ്പാട് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അധ്യാപകനായിരുന്ന ഇയാൾ സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായും മൊഴി നൽകിയതായി പൊലീസ് പറയുന്നു.
കേസിൽ ലഹരിമരുന്ന് വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവരുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
