ഏഴ് ചാക്ക് നിരോധിത പുകയില മോഷണം പോയ കേസിൽ ട്വിസ്റ്റ്; പ്രതിസ്ഥാനത്ത് പൊലീസുകാരൻ

സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിലെ അതീവ സുരക്ഷയുള്ള പ്രോപ്പർട്ടി മുറിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കാണാതായ കേസിൽ ട്വിസ്റ്റ്. സംഭവത്തിന് പിന്നിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സബിത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നാണ് സൂചന. ഇയാൾ ജില്ല വിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

സംഭവത്തിൽ തുടർനടപടി ആവശ്യപ്പെട്ട് ഡിവൈഎസ്പി വയനാട് എസ്പിക്ക് റിപ്പോർട്ട് കൈമാറി. പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്.

13,800 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടിയ കേസ്

ബത്തേരി ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് പിടികൂടിയ 13,800 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് കോടതിയുടെ നിർദേശപ്രകാരം ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി മുറിയിൽ സൂക്ഷിച്ചിരുന്നത്. ജൂൺ 26ന് കോടതിയിൽ നിന്ന് തിരികെ സ്റ്റേഷനിലെത്തിച്ച ചാക്കുകളായിരുന്നു ഇവ.

എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ഇതിൽ ഏഴ് ചാക്ക് സാധനങ്ങൾ കാണാതായതായി കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സ്റ്റേഷനിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.

സിസിടിവിയിൽ ചാക്കുകൾ വാഹനത്തിൽ കടത്തുന്ന ദൃശ്യം

ചാക്കുകൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. ഇതോടെയാണ് സംശയം പൊലീസ് ഉദ്യോഗസ്ഥനിലേക്കും നീണ്ടത്.

പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെ സംശയത്തിലുള്ള ഉദ്യോഗസ്ഥൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ജില്ല വിട്ടതായും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

‘കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കും’

ഡിവൈഎസ്പി എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിന് സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായിട്ടുണ്ടെന്നും കുറ്റക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള ഉറച്ച തീരുമാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിശദാംശങ്ങൾ പറയാനാകില്ലെന്നും ഡിവൈഎസ്പി അറിയിച്ചു.

മോഷണത്തിന് പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംശയത്തിലുള്ള ഉദ്യോഗസ്ഥന് മറ്റ് ചില അനധികൃത ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നതായാണ് സൂചന.

പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ തന്നെ പൊലീസ് ഉദ്യോഗസ്ഥൻ കടത്തിയെന്ന ആരോപണം ശരിയാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പൂർത്തിയായ ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *