കോഴിക്കോട്: ബ്രസീൽ ഫുട്ബോൾ ഇതിഹാസങ്ങളും മുൻ ഇന്ത്യൻ താരങ്ങളും നേർക്കുനേർ ഏറ്റുമുട്ടുന്ന ‘റിട്ടേൺ ഓഫ് ദി ടൈറ്റൻസ് 2026’ന്റെ പ്രചാരണാർഥമുള്ള ദീപശിഖാ പ്രയാണത്തിന് കോഴിക്കോട് ബീച്ചിൽ ആവേശകരമായ തുടക്കം. മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ദീപശിഖ തെളിയിച്ച് പ്രയാണത്തിന് തുടക്കമിട്ടു. എം. കെ. രാഘവൻ എം.പി, കെ. ജയന്ത് എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗാമെൻ വേൾഡ് സ്പോർട്സ്, എ.ടു.സി ലോജിസ്റ്റിക്സ്, സബ ദോസ് ഇനിഷ്യേറ്റീവ് എന്നിവരുടെ നേതൃത്വത്തിലാണ് സെപ്റ്റംബർ 20ന് കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിക്കുന്നത്.
ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ചരിത്ര പോരാട്ടത്തിന്റെ ആവേശം മലബാറിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൽത്താസ് അവതരിപ്പിക്കുന്ന ത്രിദിന വിളംബര ജാഥയ്ക്ക് കോഴിക്കോട് ബീച്ചിൽ തുടക്കമായത്. ഇതിഹാസ താരങ്ങൾ കേരളത്തിലെത്തി പന്തുതട്ടുന്നത് ഫുട്ബോൾ ആരാധകരുടെ വലിയ സ്വപ്നമാണെന്ന് ചടങ്ങിൽ മുഹമ്മദ് റാഫി പറഞ്ഞു. ബ്രസീൽ ഇതിഹാസങ്ങളും ഇന്ത്യൻ താരങ്ങളും കൊച്ചിയിൽ ഏറ്റുമുട്ടുമ്പോൾ സ്റ്റേഡിയം ആവേശക്കടലായി മാറുമെന്നും കേരളത്തിലെ യുവ കായികതാരങ്ങൾക്ക് ഈ മത്സരം വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോളിനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന കോഴിക്കോടിന്റെ മണ്ണിൽ നിന്ന് തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ മത്സരത്തിന്റെ പ്രചാരണത്തിന് തുടക്കമിടാനായതിൽ സന്തോഷമുണ്ടെന്ന് എം.എൽ.എ കെ. ജയന്ത് പറഞ്ഞു. സംസ്ഥാനത്തെ കായിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകാൻ മത്സരത്തിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സരത്തിനും സംഘാടകർക്കും എല്ലാവിധ പിന്തുണയും ആശംസകളും അദ്ദേഹം അറിയിച്ചു.
ലഹരിക്കെതിരായ ശക്തമായ സന്ദേശവും ദീപശിഖാ പ്രയാണത്തിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുമായി സഹകരിച്ച് “ലഹരിക്കല്ല, ഫുട്ബോളിന് അടിമപ്പെടാം; ഒരു തൂഫാൻ പോരാളിയാകൂ” എന്ന സന്ദേശമാണ് യുവാക്കളിലേക്ക് എത്തിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും കായികസംസ്കാരവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കോഴിക്കോട്ട് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തും. മത്സരത്തിന്റെ ടിക്കറ്റുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ഡിസ്ട്രിക്ട്’ ആപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണെന്ന് ഗാമെൻ വേൾഡ് സ്പോർട്സ് അധികൃതർ അറിയിച്ചു.
