കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആർഎല്‍) പേര് ‘കേരളം മെട്രോ റെയില്‍ ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെഎംആർഎല്‍ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു.കൊച്ചി നഗരത്തിലെ മെട്രോ സർവീസുകള്‍ക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയ കൊച്ചി മെട്രോ നിലവില്‍ പ്രവർത്തന ലാഭത്തിലാണ് മുന്നേറുന്നത്. കലൂർ ജെ.എല്‍.എൻ സ്റ്റേഡിയം മുതല്‍ കാക്കനാട് സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ ഒരു വർഷത്തിനകം പൂർത്തിയാകും.
ഇതിനുപുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്‌ട്രിക് മൊബിലിറ്റി പദ്ധതികള്‍ തുടങ്ങിയവയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത് കെഎംആർഎല്‍ ആണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോ പദ്ധതികളുടെ നിർമ്മാണ-മേല്‍നോട്ട ചുമതലയും നിലവില്‍ കെഎംആർഎല്ലിനാണ് സർക്കാർ നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍, കൊച്ചി എന്ന നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവർത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ് ‘കേരളം മെട്രോ റെയില്‍’ എന്ന പുതിയ പേര് നിർദ്ദേശിച്ചതെന്ന് ലോക്നാഥ് ബഹ്റ വ്യക്തമാക്കി.
