കരുവന്നൂര്‍ കേസ്; സിപിഎം നേതാക്കള്‍ കോടതിയില്‍ ഹാജരായി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡിക്കേസില്‍ സിപിഎം നേതാക്കള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി.


കെ.രാധാകൃഷ്ണൻ എംപി, എ.സി.മൊയ്തീൻ എംഎല്‍എ, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയ നേതാക്കളാണ് വിചാരണയ്ക്ക് മുന്നോടിയായി കോടതിയിലെത്തിയത്.

സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ സിപിഎമ്മിനും മുഴുവൻ പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ജില്ലാ നേതാക്കള്‍ക്ക് പുറമേ, ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സെക്രട്ടറി, പൊറത്തുശേരി സൗത്ത്, നോർത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ, മുൻ വടക്കാഞ്ചേരി കൗണ്‍സിലർമാരായ പി.ആർ. അരവിന്ദാക്ഷൻ, മധു അമ്പലപുരം തുടങ്ങിയ 28 പേരോടും കോടതിയില്‍ ഹാജരാകാൻ നിർദേശമുണ്ടായിരുന്നു.

കേസില്‍ ആകെ 83 പ്രതികളാണുള്ളത്. ഇതില്‍ 55 പ്രതികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ കോടതി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കരുവന്നൂർ സഹകരണ ബാങ്കില്‍ 2012-13 മുതല്‍ സിപിഎം നേതാക്കളുടെ അറിവോടെ കോടിക്കണക്കിന് രൂപയുടെ വായ്പാ ക്രമക്കേടുകളും കള്ളപ്പണ ഇടപാടുകളും നടത്തി എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *