ബിജെപി വിടാൻ ഒരുങ്ങി അണ്ണാമലൈ; നിതിൻ‌ നബീനുമായി കൂടിക്കാഴ്ച ഇന്ന്, പാര്‍ട്ടി പ്ര‍ഖ്യാപനം പിറന്നാള്‍ ദിനത്തില്‍ ‍?

തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നതായി റിപ്പോർട്ടുകള്‍. ബിജെപിയില്‍ തനിക്ക് ഇനി അവസരങ്ങളോ ഭാവി പ്രത്യാശകളോ ഇല്ലെന്നാണ് അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി ഡല്‍ഹിയില്‍ ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി ഒരു മാസത്തിന് ശേഷമാണ് ഈ നീക്കം.

തമിഴ്നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ താല്‍പര്യമെങ്കിലും കേന്ദ്ര നേതൃത്വം എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നിബന്ധന കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയാണ് അണ്ണാമലൈ പാർട്ടിയില്‍ പാർശ്വവത്കരിക്കപ്പെട്ടത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയോ പാർട്ടിയുടെ പ്രചാരണ രംഗത്ത് സജീവമാകുകയോ ചെയ്തിരുന്നില്ല.

കേന്ദ്ര സർക്കാർ വെച്ചുനീട്ടിയ രാജ്യസഭാ സീറ്റ് ഓഫർ അണ്ണാമലൈ നിരസിച്ചതായും വിവരമുണ്ട്. അണ്ണാമലൈ ചെന്നൈ എയർപോർട്ടില്‍ എത്തിയ വാഹനത്തില്‍ ബിജെപിയുടെ കൊടി വെച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായി. പാർട്ടി വിട്ട ശേഷം അണ്ണാമലൈ ആദ്യം ഒരു പുതിയ സാമൂഹിക പ്രസ്ഥാനം ആരംഭിക്കുമെന്നും പിന്നീട് അത് രാഷ്ട്രീയ പാർട്ടിയായി മാറ്റുമെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

യുവജനങ്ങളെയും സമാന ചിന്താഗതിക്കാരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു ശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. അദ്ദേഹം നിലവില്‍ നടത്തുന്ന ‘വി ദി ലീഡേഴ്സ്’ എന്ന നേതൃത്വ പരിശീലന സംഘടന ഇതിനായി ഉപയോഗപ്പെടുത്തിയേക്കും. വരാനിരിക്കുന്ന തമിഴ്നാട് ഉപതെരഞ്ഞെടുപ്പുകളില്‍ പുതിയ പാർട്ടി മത്സരിക്കുമെന്നാണ് സൂചന. ജൂണ്‍ നാലിന് അണ്ണാമലൈയുടെ ജന്മദിനം വരാനിരിക്കെ ചെന്നൈ നഗരത്തില്‍ ഉടനീളം അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *