എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് ; മാസം വീണയ്ക്ക് അഞ്ചുലക്ഷം, എക്‌സാലോജിക്കിന് മൂന്ന് ലക്ഷം

സി.എം.ആര്‍.എല്‍ – എക്‌സാലോജിക്ക് മാസപ്പടി കേസില്‍ സി.എം.ആര്‍.എല്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും അവരുടെ എക്‌സാലോജിക്കിനും മാസം തോറും എട്ടുലക്ഷം രൂപ നല്‍കിയിരുന്നതായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കണ്ടെത്തല്‍.

വീണ വിജയന് വ്യക്തിപരമായി മാസം അഞ്ച് ലക്ഷം രൂപയും, അവരുടെ കമ്പനിയായ എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും വീതം ആകെ എട്ട് ലക്ഷം രൂപയാണ് പ്രതിമാസം ലഭിച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ സേവനങ്ങളൊന്നും നല്‍കാതെയാണ് ഈ വന്‍ തുക കൈപ്പറ്റിയിരുന്നതെന്നും പറയുന്നു. 96 ലക്ഷം രൂപയാണ് വാര്‍ഷികമായി സി.എം.ആര്‍.എല്‍ നല്‍കിയത്. 2017 ജനുവരി മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലയളവില്‍ ആകെ 2.78 കോടി രൂപ വീണ വിജയന്‍ കൈപ്പറ്റി. 2019 ജനുവരിയില്‍ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ 1.72 കോടി രൂപയുടെ ഇടപാട് കണ്ടെത്തിയിരുന്നു.

ഈ പരിശോധനയ്ക്ക് ശേഷവും സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തിക്കൊണ്ടിരുന്നുവെന്ന് എസ്.എഫ്.ഐ.ഒ വ്യക്തമാക്കുന്നു. നഷ്ടത്തിലായിരുന്ന എക്‌സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് സി.എം.ആര്‍.എല്‍ മാത്രമായിരുന്നു. എന്നാല്‍ ഈ തുകയ്ക്ക് പകരമായി എന്തെങ്കിലും തരത്തിലുള്ള ഐടി സേവനങ്ങള്‍ നല്‍കിയതായി തെളിയിക്കാന്‍ വീണ വിജയന് സാധിച്ചിട്ടില്ല.

സി.എം.ആര്‍.എല്ലിന് ഐടി സേവനങ്ങള്‍ നല്‍കിയതായി വ്യക്തമാക്കുന്ന ഒരൊറ്റ രേഖ പോലും എസ്.എഫ്.ഐ.ഒയ്ക്ക് മുന്നില്‍ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. എക്‌സാലോജിക്കുമായുള്ള കരാര്‍ അവസാനിച്ച ശേഷം സി.എം.ആര്‍.എല്‍ ഐടി സേവനങ്ങള്‍ക്കായി ‘എറ്റിഎന്‍എ ടെക്‌നോളജീസ്’ എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. യഥാര്‍ത്ഥത്തില്‍ സേവനം നല്‍കിയ ഈ കമ്പനിക്ക് ലഭിച്ച തുകയേക്കാള്‍ 75 മടങ്ങ് അധികം തുകയാണ് യാതൊരു സേവനവും നല്‍കാതെ വീണ വിജയന്‍ കൈപ്പറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശശിധരന്‍ കര്‍ത്തയുടെ ‘എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്’ എന്ന കമ്പനിയില്‍ നിന്നും എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയും ലഭിച്ചിരുന്നു. എന്നാല്‍ ഈ തുകയില്‍ വെറും 4 ലക്ഷം രൂപ മാത്രമാണ് വീണ തിരികെ അടച്ചിട്ടുള്ളത്. ഒരു തെളിവും ഹാജരാക്കാന്‍ കഴിയാതിരുന്നിട്ടും ഔദ്യോഗിക സേവനങ്ങള്‍ക്കാണ് പണം കൈപ്പറ്റിയതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എം ഇപ്പോഴും.

Leave a Reply

Your email address will not be published. Required fields are marked *