UDF സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചു: ബംഗാളിലെ BJP സര്‍ക്കാര്‍ ഒഴിവാക്കിയിട്ടും കേന്ദ്ര നിര്‍ദ്ദേശം പാലിച്ച്‌ കേരളം

പുതിയ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയാകുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സുപ്രധാന മാർഗ്ഗനിർദ്ദേശ പ്രകാരമാണ് ഔദ്യോഗിക ചടങ്ങില്‍ ദേശീയഗാനത്തിന് മുൻപായി വന്ദേമാതരം ഉള്‍പ്പെടുത്തിയത്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും അതേപടി ചടങ്ങില്‍ ആലപിക്കുകയായിരുന്നു.(Vande Mataram Sung In Full Six Stanzas Kerala UDF Ministers Oath Ceremony Rahul Gandhi Present)

രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ഈ ആലാപനം നടന്നത്. കോണ്‍ഗ്രസ് ഭരണം നേടിയ കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇത് പൂർണ്ണമായി പാലിക്കപ്പെട്ടത് ശ്രദ്ധേയമാണ്. വന്ദേമാതരവും ദേശീയഗാനവും ഒന്നിച്ച്‌ ആലപിക്കുന്ന വലിയ ഔദ്യോഗിക സദസുകളില്‍, ആദ്യം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂർണ്ണമായി ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കേന്ദ്ര സർക്കാരിന്റെ ഈ പുതിയ ഉത്തരവ് പുറത്തുവന്നതിന് ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിലും ഈ നിർദ്ദേശം വ്യത്യസ്ത രീതികളിലാണ് പ്രതിഫലിച്ചത്. തമിഴ്‌നാട്ടില്‍ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ചടങ്ങില്‍ ഈ നിർദ്ദേശം പാലിച്ചിരുന്നു. എന്നാല്‍ അവിടെ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്തി’ന് മുൻപായി വന്ദേമാതരം ആലപിച്ചതിനെതിരെ വലിയ രാഷ്ട്രീയ-പ്രാദേശിക പ്രതിഷേധങ്ങളാണ് ഉയർന്നത്. അതേസമയം, പശ്ചിമ ബംഗാളില്‍ പുതിയ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഈ കേന്ദ്ര നിർദ്ദേശം പാലിക്കപ്പെട്ടിരുന്നില്ല എന്നത് കൗതുകകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് പങ്കെടുത്ത ചടങ്ങായിരുന്നിട്ടും ബംഗാളില്‍ വന്ദേമാതരം ആലപിച്ചിരുന്നില്ല എന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *