തിരികെ നാട്ടിലേക്ക് !! സൗദി ജയില്‍ മോചനം: അബ്ദുല്‍ റഹീം മേയ് മാസത്തില്‍ നാട്ടിലേക്ക് മടങ്ങും
രാമനാട്ടുകര: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍റഹീമിന്റെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു.വധശിക്ഷയില്‍നിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷ മേയ് മൂന്നാംവാരം അവസാനിക്കും, രണ്ടുപതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് ഇതോടെ തിരശ്ശീലവീഴുന്നത്.
ശിക്ഷാകാലാവധി തീരുന്നമുറയ്ക്ക് ജയില്‍മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് റിയാദില്‍നിന്നുള്ള സൂചനകള്‍.
2006-ല്‍ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷയാണ് റഹീമിനെ തേടിയെത്തിയത്. എന്നാല്‍, ലോകമലയാളികള്‍ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നല്‍കിയതോടെയാണ് വധശിക്ഷയില്‍നിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനല്‍ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു. ഈ തടവ് കാലാവധിയാണ് ഇപ്പോള്‍ പൂർത്തിയാകുന്നത്.
ഹിജ്റ കലണ്ടർ പ്രകാരമുള്ള കണക്കുകള്‍ പ്രകാരം അറബി മാസം ദുല്‍ഹജ്ജ് മൂന്നിനാണ് ശിക്ഷാകാലാവധി അവസാനിക്കുന്നത്. അത് ഇംഗ്ലീഷ് കലണ്ടർ പ്രകാരം മേയ് ഇരുപതിനോ ഇരുപത്തിയൊന്നിനോ ആയിരിക്കും. മോചനം സംബന്ധിച്ച ഔദ്യോഗിക വിധിന്യായം കോടതിയില്‍നിന്ന് ഉടൻ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, സൗദിയിലെ പെരുന്നാള്‍ പ്രമാണിച്ച് ഓഫീസുകള്‍ക്ക് അവധിവരുകയാണെങ്കില്‍ മോചനതീയതി ദിവസങ്ങള്‍കൂടി നീണ്ടേക്കുമെന്നാണ് നിയമസഹായ സമിതി അധികൃതർ നല്കുന്ന വിവരം. നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കോടമ്പുഴയിലെ വീട് പ്രാർഥനാനിർഭരമാണ്.
