കേരളത്തെ ഇനി വി.ഡി നയിക്കും

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ. ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിലെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളും പറവൂർ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സാമാജികനുമാണ് വി.ഡി സതീശൻ.

വടശ്ശേരി ദാമോദരൻ സതീശൻ എന്നാണ് പൂർണമായ പേര്. ഡല്‍ഹിയില്‍ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.

ഭരണത്തുടർച്ചയുടെ രണ്ടാം ഊഴം പൂർത്തിയാക്കിയ എല്‍ഡിഎഫിനെ അപ്രസക്തമാക്കി കേരളം യുഡിഎഫിന് അധികാരം കൈമാറുമ്പോള്‍, ആ വിജയത്തിന്റെ അമരക്കാരൻ വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക്. വോട്ടെണ്ണല്‍ ദിനം മുതല്‍ കേരളം ഉറ്റുനോക്കിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കാണ് ഹൈക്കമാൻഡിന്റെ നിർണ്ണായക പ്രഖ്യാപനത്തോടെ തിരശ്ശീല വീണിരിക്കുന്നത്.

കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകള്‍ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, അന്തിമ വിജയം സതീശനെ തേടിയെത്തുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശൻ നടത്തിയ പോരാട്ടവീര്യവും യുവതലമുറയ്ക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സ്വീകാര്യതയുമാണ് മുഖ്യമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

തുടർച്ചയായി രണ്ടാം തവണയും അധികാരം നഷ്ടപ്പെട്ട് മാനസികമായി തളർന്ന യുഡിഎഫ് പ്രവർത്തകരോട് ‘നമ്മള്‍ തിരിച്ച്‌ വരും’ എന്ന് പറഞ്ഞുകൊണ്ടാണ് 2021-ല്‍ സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരുന്നത്. തളരാത്ത പോരാട്ടവീര്യവും കൃത്യമായ ആസൂത്രണവുമാണ് അദ്ദേഹത്തെ ഒരു കരുത്തുറ്റ നായകനാക്കി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *