പാമ്പ്കടിയേറ്റ് വിലപ്പെട്ട ജീവനുകള്‍ നഷ്ടമായത് അതീവദുഃഖകരം;’സര്‍പ്പ’ വോളന്റീയര്‍മാര്‍ 24 മണിക്കൂറും സജ്ജം;മുഖ്യമന്ത്രി

സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മരണങ്ങള്‍ സംഭവിച്ചതില്‍ അതീവ റ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇതില്‍ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു. ‌ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പ്

സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. ഇതില്‍ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു.

ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങള്‍ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകള്‍ക്ക് സമീപമുള്ള മാളങ്ങള്‍, വിള്ളലുകള്‍, പൊത്തുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ ആകർഷിക്കപ്പെടും.എന്തൊക്കെ ശ്രദ്ധിക്കണം?

പരിസര ശുചീകരണം: വീടിനും ചുറ്റുമുള്ള കുറ്റിക്കാടുകള്‍, ചപ്പുചവറുകള്‍, പൊത്തുകള്‍, മാളങ്ങള്‍, വലിയ കല്ലുകള്‍ എന്നിവ നീക്കം ചെയ്യുക.

ഇരകളെ ആകർഷിക്കാതിരിക്കുക: ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച്‌ എലികള്‍ എത്തുന്നതും, വീടുകളില്‍ പക്ഷികളെ വളർത്തുന്നതും പാമ്പുകളെ ആകർഷിക്കാൻ കാരണമാകും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക.

കുട്ടികളുടെ സുരക്ഷ: അവധിക്കാലമായതിനാല്‍ കുട്ടികള്‍ പറമ്പുകളിലും മൈതാനങ്ങളിലും കളിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. കളിയിടങ്ങളിലെ കുറ്റിക്കാടുകളും മറ്റും ഒഴിവാക്കണം.

വീടിനുള്ളിലെ ജാഗ്രത: വേനല്‍ക്കാലത്ത് ജനലുകളും വാതിലുകളും തുറന്നിടുമ്പോള്‍ പാമ്പുകള്‍ ഉള്ളില്‍ കടക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീടിനുള്ളിലേക്ക് പാമ്പുകള്‍ എത്താൻ സാധ്യതയുള്ള വിടവുകള്‍, പൈപ്പുകള്‍ എന്നിവ അടക്കുകയും വള്ളിച്ചെടികള്‍, മരച്ചില്ലകള്‍ എന്നിവ നീക്കം ചെയ്യുകയും വേണം.
പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം?

ഒട്ടും വൈകാതെ, ആന്റിവെനം (Anti-venom) ചികിത്സാ സൗകര്യമുള്ള ഏറ്റവും അടുത്ത ആശുപത്രിയില്‍ രോഗിയെ എത്തിക്കുക.

രോഗിയെ പരിഭ്രാന്തരാക്കാതെ സമാധാനിപ്പിക്കുകയും, ശാരീരികായാസം ഒഴിവാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

സഹായത്തിന് വനം വകുപ്പ് സജ്ജം:

സർപ്പ വോളന്റീയർമാർ: പാമ്പുകളെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് വിടുന്നതിനായി വനം വകുപ്പ് പരിശീലിപ്പിച്ച 3600-ഓളം ‘സർപ്പ’ വോളന്റീയർമാർ സംസ്ഥാനത്ത് 24 മണിക്കൂറും സജ്ജമാണ്.

സർപ്പ ആപ്പ് (SARPA App): ഈ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി വനം വകുപ്പിന്റെ ‘SARPA’ മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുക.

വിദ്യാർത്ഥികള്‍ക്കായി ‘സർപ്പപാഠം’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടികളും, വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ‘സർപ്പസുരക്ഷ’ പദ്ധതിയും വനം വകുപ്പ് നടപ്പിലാക്കി വരുന്നു.

2020-ല്‍ ആരംഭിച്ച ‘സർപ്പ’ പദ്ധതിയിലൂടെ പാമ്പുകടി മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം മരണങ്ങള്‍ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി എല്ലാവരുടെയും പൂർണ്ണ സഹകരണവും ജാഗ്രതയും അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *