രാജ്യത്തിന്റെ വാനമ്പാടിക്ക് വിട… ആത്മാവുള്ള ഗസലുകള്‍ മുതല്‍ ആവേശമുണര്‍ത്തുന്ന തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ വരെ

വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്ലെ. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപ്റ്റംബര്‍ എട്ടിന് ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍.

1943-ലാണ് ആശാ ഭോസ്ലെ ആദ്യമായി തന്റെ ഗാനം റെക്കോര്‍ഡ് ചെയ്തത്. ‘മാഝാ ബാല്‍’ എന്ന ചലച്ചിത്രത്തില്‍ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയില്‍ തുടക്കം കുറിച്ചു. അന്ന് പത്ത് വയസ്സായിരുന്നു ആശയ്ക്ക്. 1200 ഓളം ഗാനങ്ങള്‍ ആശാ ഭോസ്ലെയുടെ ശബ്ദത്തില്‍ പുറത്തുവന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായിക എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ആശാ ഭോസ്ലെ ഇടം നേടിയിട്ടുണ്ട്.

ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആശാ ഭോസ്ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. ആത്മാവുള്ള ഗസലുകള്‍ മുതല്‍ ആവേശമുണര്‍ത്തുന്ന തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ വരെ പാടാനുള്ള അവരുടെ കഴിവ് സമാനതകളില്ലാത്തതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടില്‍ പിറന്ന ‘ആവോ ഹുസൂര്‍ തുംകോ’, ആര്‍.ഡി. ബര്‍മനോടൊപ്പമുള്ള ‘ചുര ലിയാ ഹേ തുംനേ ജോ ദില്‍ കോ’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും സംഗീത പ്രേമികള്‍ക്കിടയില്‍ സുപരിചിതമാണ്. ‘പിയാ തൂ അബ് തോ ആജാ’, ‘യേ മേരാ ദില്‍’ തുടങ്ങിയ ഗാനങ്ങളിലൂടെ അവര്‍ ഹിന്ദി സിനിമാ സംഗീതത്തില്‍ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു.

1990-കളിലും 2000-ന്റെ തുടക്കത്തിലും എ.ആര്‍. റഹ്മാനുമായുള്ള സഹകരണത്തിലൂടെ ‘തന്‍ഹ തന്‍ഹ’, ‘രംഗീല റേ’ തുടങ്ങിയ ഐക്കണിക് ഗാനങ്ങള്‍ അവര്‍ സമ്മാനിച്ചു. ‘കഭി തോ നസര്‍ മിലാവോ’ പോലുള്ള ഇന്‍ഡിപോപ്പ് ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി മാറാന്‍ ആശാ ഭോസ്ലെയ്ക്ക് കഴിഞ്ഞു. മലയാളത്തില്‍ സുജാത എന്ന ചിത്രത്തിലെ സ്വയംവരം ശുഭദിന മംഗളങ്ങള്‍ എന്ന ഗാനം ആലപിച്ചത് ആശാ ഭോസ്ലേ ആണ്. രവീന്ദ്ര ജയിന്‍ ആയിരുന്നു സംഗീത സംവിധാനം.

തന്റെ 16-ാം വയസ്സില്‍ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച്‌ ഗണപത്‌റാവു ഭോസ്ലേയെ വിവാഹം കഴിച്ചു. പിന്നീട് ആ ബന്ധം വേര്‍പിരിഞ്ഞു. 1980-ല്‍ പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മനെ വിവാഹം കഴിച്ചു.

ഇന്ത്യന്‍ സംഗീതത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച്‌ നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. കൂടാതെ ‘ഉംറാവോ ജാന്‍’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡുകളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണ്‍ പുരസ്‌കാരവും ആശാ ഭോസ്ലെയെ തേടിയെത്തി.

ഗ്രാമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ് ആശാ ഭോസ്ലേ. 1997-ല്‍ ഉസ്താദ് അലി അക്ബര്‍ ഖാനുമൊത്തുള്ള ലെഗസി എന്ന ആല്‍ബത്തിലൂടെയായിരുന്നു ഇത്. 2006-ല്‍ യു ഹാവ് സ്റ്റോളന്‍ മൈ ഹാര്‍ട്ട് എന്ന ആല്‍ബത്തിലൂടെ ആശയ്ക്ക് വീണ്ടും ഗ്രാമി നാമനിര്‍ദേശം ലഭിച്ചു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ 17 അവാര്‍ഡുകളാണ് അവരെ തേടിയെത്തിയത്. സാഹിത്യത്തില്‍ അമരാവതി സര്‍വ്വകലാശാലയില്‍ നിന്നും ജല്‍ഗാവ് സര്‍വ്വകലാശാലയില്‍ നിന്നും കലയില്‍ സല്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും അവര്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കലയിലെ മികച്ച സംഭാവനയ്ക്ക് ഫ്രെഡി മെര്‍ക്കുറി അവാര്‍ഡ് ആശയ്ക്ക് ലഭിച്ചിട്ടുണ്ട്. 2002 നവംബറില്‍ ബര്‍മിംഗ്ഹാം ഫിലിം ഫെസ്റ്റിവല്‍ അവര്‍ക്ക് പ്രത്യേക ആദരം നല്‍കി. 2021-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മഹാരാഷ്ട്ര ഭൂഷണ്‍ നല്‍കി ഭോസ്ലെയെ ആദരിച്ചു.

കഴിഞ്ഞ 50 വര്‍ഷത്തിലെ മികച്ച 20 സംഗീത പ്രതിഭകളില്‍ ഒരാളായിരുന്നു അവര്‍. 2011-ല്‍ ഏഷ്യന്‍ അവാര്‍ഡില്‍, സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് ചെയ്ത കലാകാരിയായി ഭോസ്ലെയെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി അംഗീകരിച്ചു. 1947 മുതല്‍ 11,000-ല്‍ അധികം സോളോ, ഡ്യുയെറ്റ്, കോറസ് ഗാനങ്ങള്‍ 20-ല്‍ അധികം ഇന്ത്യന്‍ ഭാഷകളില്‍ റെക്കോര്‍ഡ് ചെയ്തതിന് ‘ഏറ്റവും കൂടുതല്‍ സ്റ്റുഡിയോ റെക്കോര്‍ഡിംഗുകള്‍ (സിംഗിള്‍സ്)’ എന്നതിന് സെബാസ്റ്റ്യന്‍ കോയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈ ചടങ്ങില്‍ അവര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു.

ജോധ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആദ്യത്തെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ (ഡി. ലിറ്റ്.) പുരസ്‌കാരം നേടിയത് ആശാ ഭോസ്ലെയാണ്. 2015-ലെ ബിബിസിയുടെ 100 പ്രചോദനാത്മക വനിതകളുടെ പട്ടികയിലും അവര്‍ ഇടം നേടി.

Leave a Reply

Your email address will not be published. Required fields are marked *