പാലക്കാട് എംഎല്‍എ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍.
രാജ്യത്തിന്റെ അഭിമാനമായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങള്‍ പ്രധാനമന്ത്രി മറന്നോ എന്ന് രാഹുല്‍ ചോദിച്ചു. അന്ന് കുറ്റാരോപിതനായ സ്വന്തം സുഹൃത്ത് ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച് സംരക്ഷിച്ച പ്രധാനമന്ത്രിയാണോ ഇപ്പോള്‍ ധാർമികതയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.
ബിജെപിയിലെ മുതിർന്ന നേതാവായിരുന്ന സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ച ആരോപണങ്ങള്‍ക്കും, മുൻപ് മോദി അനുഭാവിയായിരുന്ന മധു പൂർണിമ കിശ്വർ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. 2014 മുതല്‍ മധു കിശ്വർ പ്രധാനമന്ത്രിയുമായി അകലം പാലിക്കുന്നതും തന്റെ പുസ്തകം നേരിട്ട് കൈമാറാൻ വിസമ്മതിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ വിമർശിക്കുന്നതിന് മുൻപ് സ്വന്തം പാളയത്തിലെ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു.
