എഫ്സിആർഎ നിയമഭേദഗതിയുടെ മറവില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള പുതിയ നിയമത്തിനെതിരേ ഭാരത കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ) കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി.
ലോക്സഭയില്‍ ഇന്നലെ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (FCRA Amendment Bill) അപകടകരമാണെന്നും പ്രത്യാഘാതങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
ലൈസൻസ് പുതുക്കുന്നതിന്റെ മറവില്‍, ഭരണഘടനാപരമായി ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ സ്വാതന്ത്ര്യത്തിന്മേല്‍ കടന്നുകയറാൻ നിർദിഷ്ട ഭേദഗതി വഴിയൊരുക്കുമെന്നു സിബിസിഐ വിലയിരുത്തി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും പ്രവർത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ക്ക് ഇതു കാരണമാകും.
ലൈസൻസ് പുതുക്കാൻ വിസമ്മതിക്കാനോ റദ്ദാക്കാനോ കേന്ദ്ര സർക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകളില്‍ സിബിസിഐ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ലൈസൻസ് റദ്ദാക്കുന്നതിലൂടെ ന്യൂനപക്ഷ സംഘടനകളുടെയും എൻജിഒകളുടെയും സ്ഥാപനങ്ങള്‍, ഫണ്ടുകള്‍, സ്വത്തുക്കള്‍ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പുതുതായി നിർദേശിച്ചിരിക്കുന്ന അഥോറിറ്റിക്കു സാധിക്കും. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല.
നീതി, സുതാര്യത, ഉത്തരവാദിത്വം എന്നിവയില്‍ ഗുരുതര ആശങ്ക ഉയർത്തുന്ന നിയമങ്ങളാണിത്. പാർലമെന്റില്‍ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ, മൗലികാവകാശങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ വിപുലമായ കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ ഏകപക്ഷീയമായി ബില്‍ അവതരിപ്പിച്ചതിനെയും മെത്രാൻ സമിതി ചോദ്യംചെയ്തു.
ന്യൂനപക്ഷ സ്ഥാപനങ്ങളെ അമിതമായി കർശനമായ നിയന്ത്രണ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം ജനാധിപത്യ തത്വങ്ങളെ തകർക്കും. എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി കഴിയുന്നതോടെ എൻജിഒകളുടെ വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന വ്യവസ്ഥകള്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സ്വാഭാവിക നീതിക്കു വിരുദ്ധവുമാണ്.
നിർദിഷ്ട ഭേദഗതികള്‍ പുനഃപരിശോധിക്കണമെന്നും വിവാദപരമായ വ്യവസ്ഥകള്‍ ബില്ലില്‍നിന്നു നീക്കം ചെയ്യണമെന്നും സിബിസിഐ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും പൂർണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
