രാഹുല്‍ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഖിലേന്ത്യാ നേതാവാണെങ്കിലും പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കണ്ടാലും കൊണ്ടാലും രാഹുല്‍ ഗാന്ധി പഠിക്കില്ലെന്നും കാര്യങ്ങള്‍ നേരെ ചൊവ്വേ പഠിക്കാത്തതുകൊണ്ടാണ് ഇത്ര മാത്രം അധഃപതനം ഉണ്ടാകുന്നതെന്നും അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ഉണ്ടായില്ലെന്നും അത് ബി ജെ പി-സി പി എം അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്നും ആവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെയാണ് പിണറായി തിരിച്ചടിച്ചത്.

യു ഡി എഫ് ഉയര്‍ത്തുന്ന ബി ജെ പി-സി പി എം ഡീല്‍ ആരോപണങ്ങളെ പൂര്‍ണമായും തള്ളിയ പിണറായി വിജയന്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് ഈ തെരഞ്ഞെടുപ്പില്‍ ഡീല്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ആരോപിച്ചു. ലോക്സഭ ഇലക്ഷനില്‍ തൃശ്ശൂരില്‍ ബി ജെ പി ജയിച്ചത് കോണ്‍ഗ്രസ് വോട്ട് കൊണ്ടാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ പലയിടത്തും ബി ജെ പിയും കോണ്‍ഗ്രസും ഒന്നിച്ച്‌ മത്സരിച്ചു. എല്‍ ഡി എഫിനെ തകര്‍ക്കാന്‍ വേണ്ടി പല ഘട്ടത്തിലും ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. നേരത്തെ കോ-ലീ-ബി സഖ്യം ഉണ്ടാക്കിയ കോണ്‍ഗ്രസ്സ് ഇപ്പോള്‍ തോല്‍വിക്ക് മുന്‍കൂര്‍ ജാമ്യം എടുക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ ജി സുധാകരന്‍ ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അദ്ദേഹം എതിര്‍പാളയത്തില്‍ ആയതുകൊണ്ട് മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്ന സമയത്ത് എന്തായിരുന്നു ജി സുധാകരന്‍ പറഞ്ഞത് എന്ന് പരിശോധിച്ചാല്‍ മതിയാകും എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

യു പ്രതിഭയ്ക്ക് നേരെ ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുരംഗത്ത് വരുന്ന സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കരുത്. അത് മനോവൈകൃതമാണ്. കെ സി വേണുഗോപാല്‍ ഇരുന്ന വേദിയിലാണ് ഒരു വനിതയെ അപമാനിക്കുന്ന തരത്തിലുള്ള, കേരള സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത പരാമര്‍ശം ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ ബിജെപിയുടെ സീല്‍ വന്നത് ഗുരുതരമായ വിഷയമാണെന്നും പിണറായി പറഞ്ഞു. ഈ തെറ്റായ നടപടി ഉദ്യോഗസ്ഥരുടെ പിഴ എന്ന് പറഞ്ഞ് തലയൂരാന്‍ കഴിയില്ല. തെറ്റായ സംഭവങ്ങളെ വിമര്‍ശിക്കുന്നത് സ്വാഭാവികമാണെന്നും വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന നിലപാടില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *