യു. പ്രതിഭയെ വ്യക്തിഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ലീഗ് നേതാവായ ഇർഷാദ് ആണ് വിവാദ പരാമർശം നടത്തിയത്.
പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ ആണ് പോലീസിന് നിർദ്ദേശം നല്‍കിയത്. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി സോഷ്യല്‍ മീഡിയ ക്ലിപ്പുകളും വാർത്തകളും പരിശോധിച്ച് റിപ്പോർട്ട് നല്‍കിയിരുന്നു. തുടർന്ന് കളക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റിയാണ് കേസെടുക്കാൻ തീരുമാനിച്ചത്.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കും. സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തല്‍, അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തല്‍, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള അപകീർത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുക. സ്ഥാനാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതും ഗൗരവകരമായ കുറ്റമാണെന്ന് കളക്ടറുടെ ഓഫീസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് അതിവേഗത്തിലുള്ള ഈ നടപടി.
