നിയമസഭ തെരെഞ്ഞടുപ്പ് വരാനിരിക്കെ എൻഡിഎ പ്രചരണത്തിന് തുടക്കമിടാനും വിവിധ പദ്ധതികള്‍ ഉത്ഘാടനം ചെയ്യാനുമെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദി കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമർശനം ഉന്നയിച്ചു.
കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുന്ന നിലപാടാണ് ഇരുമുന്നണികളും ഇത്രയും കാലം സ്വീകരിച്ചതെന്നും ഈ രീതിക്ക് മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രകൃതിരമണീയമായ സൗന്ദര്യവും മഹത്തായ സംസ്കാരവുമുള്ള കേരളത്തിന് ഇനി ഒരു പുതിയ തുടക്കം ആവശ്യമാണെന്നും മോദി കൂട്ടിച്ചേർത്തു.
മാറി മാറി ഭരിച്ച മുന്നണികള്‍ കേരളത്തെ വികസന മുരടിപ്പിലേക്ക് തള്ളിവിട്ടു എന്നതുകൊണ്ടാണ് സംസ്ഥാനം പിന്നിലായിപ്പോയതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കേരളത്തിന് വികസനം ഉറപ്പാക്കാൻ എൻഡിഎയ്ക്ക് ഒരു അവസരം നല്‍കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ‘വികസിത കേരളം’ എന്നത് തന്റെ ഗ്യാരന്റിയാണെന്നും, മാറാത്ത കാര്യങ്ങള്‍ ഇനി മാറുമെന്നും കേരളം വലിയ വളർച്ചയിലേക്ക് കുതിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.കൊച്ചിയില്‍ നടന്ന ആവേശകരമായ സമ്മേളനത്തിലാണ് പ്രധാനമന്ത്രി തന്റെ വികസന കാഴ്ചപ്പാടുകളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചത്. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നും അതിനായി എൻഡിഎയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
