പശ്ചിമേഷ്യയില്‍ യുഎസ് – ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള പോരാട്ടം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്.
സൗദി അറേബ്യയിലെയും കുവൈറ്റിലെയും അമേരിക്കൻ എംബസികള്ക്കെതിരേ ഇറാൻ ഡ്രോണ്‍ ആക്രമണം നടത്തിയതോടെ മേഖല പൂർണമായും യുദ്ധത്തിലേക്കു നീങ്ങുകയാണ്.
മേഖലയിലെ സാഹചര്യം കൈവിട്ടുപോകുന്ന പശ്ചാത്തലത്തില്‍, പശ്ചിമേഷ്യയിലുള്ള അമേരിക്കൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നല്കി. ബഹ്റൈൻ, കുവൈറ്റ്, ഈജിപ്റ്റ്, ലെബനൻ, ഒമാൻ, ഇറാക്ക്, ഖത്തർ, സൗദി, യുഎഇ തുടങ്ങി 15 രാജ്യങ്ങളിലുള്ളവർ ലഭ്യമായ വിമാന സർവീസുകള്‍ ഉപയോഗപ്പെടുത്തി ഉടൻത്തന്നെ മടങ്ങണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി മോറ നംദാർ അറിയിച്ചു.
ക്ഷമിക്കില്ല
യുഎസ് എംബസിക്കെതിരെയുണ്ടായ ആക്രമണത്തിനും ആറ് യുഎസ് സൈനികരുടെ വീരമൃത്യുവിനും ശക്തമായ തിരിച്ചടി ഉടൻ ഉണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള സൈനികനീക്കത്തില്‍ കരസേനയെ നേരിട്ട് യുദ്ധക്കളത്തില്‍ ഇറക്കേണ്ടിവരില്ലെന്നു ട്രംപ് പറഞ്ഞു. ഇറാനിലെ സൈനിക നടപടികള്‍ നാലു മുതല്‍ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്നും ആവശ്യമെങ്കില്‍ അതിലും കൂടുതല്‍ കാലം യുദ്ധം തുടരാൻ തങ്ങള്‍ സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി.
കരസേനയെ ഇറക്കും
കരസേനയെ ഇറക്കാൻ തനിക്ക് മടിയില്ലെന്നു നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എല്ലാ പ്രസിഡന്റുമാരും സൈന്യത്തെ ഇറക്കില്ലെന്ന് പറയുമ്പോള്‍, താൻ അങ്ങനെയല്ല പറയാറുള്ളത്. ചിലപ്പോള്‍ അതിന്റെ ആവശ്യം വന്നേക്കില്ല, അല്ലെങ്കില്‍ ആവശ്യമാണെങ്കില്‍ മാത്രം ചെയ്യും എന്നതാണ് തന്റെ നിലപാട്. അതേസമയം, ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് “ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്നാണ് അമേരിക്ക പേരിട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിലും ശക്തമായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
