ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കി.
സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്. വിധി പുറത്തുവന്നതിന് പിന്നാലെ കേജ്രിവാള്‍ മാധ്യമങ്ങള്‍ക്ക് മുൻപില്‍ വിതുമ്ബി.
കേജ്രിവാളിനും സിസോദിയയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ നടത്താൻ ആവശ്യമായ കൃത്യമായ തെളിവുകള്‍ ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. മദ്യനയം രൂപീകരിച്ചതില്‍ ഇവർക്ക് വ്യക്തിപരമായ സാമ്ബത്തിക ലാഭമുണ്ടായെന്നോ അല്ലെങ്കില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ സ്ഥാപിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
കേജ്രിവാളിനെയും സിസോദിയയെയും ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട 23 പ്രതികളെയും ഡല്‍ഹി റൗസ് അവന്യൂ കോടതി സ്പെഷ്യല്‍ ജഡ്ജി കുറ്റവിമുക്തരാക്കിക്കൊണ്ടാണ് വിധിയിറക്കിയത്. ഈ വിധി എഎപിക്ക് വലിയ രാഷ്ട്രീയ വിജയമാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുകയാണെന്ന പാർട്ടി നിലപാടിന് ഇത് കൂടുതല്‍ കരുത്ത് പകരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടപടികള്‍ ഇപ്പോഴും തുടരുകയാണ്.
