ഖരമാലിന്യ സംസ്കരണത്തിൻ്റെ കാര്യത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിച്ചു: മന്ത്രി എം ബി രാജേഷ്

ഖരമാലിന്യ സംസ്കരണത്തിൻ്റെ കാര്യത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്.

കിലയുടെ ഹെഡ് ഓഫീസ് ക്യാമ്പസില്‍ നിർമ്മിക്കുന്ന രണ്ട് ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റുകളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ആറ് മാസങ്ങള്‍ കൊണ്ട് സാനിറ്ററി മാലിന്യങ്ങള്‍ പൂർണമായും സംസ്കരിക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഉണ്ടാക്കും. ഇതിനായി നാല് മേഖലകളിലായി നാല് റീജിയണല്‍ പ്ലാൻ്റുകളുടെ നിർമാണം പുരോഗമിച്ച്‌ വരികയാണെന്നും ആറ് മാസങ്ങള്‍ കൊണ്ട് ഇതിൻ്റെ നിർമാണം പൂർത്തീകരിക്കുമെന്നും മാലിന്യനിർമാർജന കാര്യത്തിലും കില മാതൃകയാണെന്നും
മന്ത്രി കൂട്ടിച്ചേർത്തു.

സേവ്യർ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് വിശിഷ്ടാതിഥിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന ശുചിത്വ മിഷൻ്റെയും സഹായത്തോടെ 97.80 ലക്ഷം രൂപ ചെലവഴിച്ചാണ് കിലയുടെ ഹെഡ് ഓഫീസ് ക്യാമ്പസില്‍ ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റുകള്‍ ( എസ് ടി പി) നിർമ്മിക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അനുപമ.ടി.വി, കില ഡയറക്ടർ ജനറല്‍ നിസാമുദ്ദീൻ.എ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു അജയകുമാർ, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. ഹരിദാസ്, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വി. സുരേന്ദ്രനാഥ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ്, കില രജിസ്ട്രാർ സുമേഷ് കെ.ആർ, ശുചിത്വമിഷൻ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. ശീതള്‍ ജി മോഹൻ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് പി.എൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *