കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ ഏറ്റവും ജനപ്രിയവും വിജയകരവുമായിരുന്ന ഒരു പരിപാടിയാണ് 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള.
എന്നാല്‍, ഈ മേളയുടെ നടത്തിപ്പ് പരാതിക്കിടയില്ലാതെ ഭംഗിയായി പൂര്‍ത്തിയാക്കിയ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് ആയിരുന്ന നടന് പ്രേംകുമാറിനെ പൊടുന്നനെ പുറത്താക്കിയത് സാംസ്കാരിക രംഗത്ത് കല്ലുകടിക്കിടയാക്കുന്നു.
മികച്ച സംഘാടകനെന്ന നിലയില്‍ പ്രേംകുമാര്‍ തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. പക്ഷേ, വിജയത്തിന് ലഭിച്ചത് നന്ദിയല്ല, അപ്രതീക്ഷിതമായ പുറത്താക്കലായിരുന്നു.
2025 ഒക്ടോബറില്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേദിവസം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കെയാണ് പ്രേംകുമാര്‍ തന്റെ സ്ഥാനം നഷ്ടപ്പെട്ട വിവരം അറിയുന്നത്. അതും മാധ്യമങ്ങളിലൂടെ. മുന്‍കൂര്‍ അറിയിപ്പില്ല, ഔദ്യോഗിക കത്തില്ല, സഹപ്രവര്‍ത്തകരോട് യാത്ര പറയാനോ നന്ദി അറിയിക്കാനോ ഒരു അവസരം പോലും നല്‍കിയില്ല.
രണ്ടര വര്‍ഷം വൈസ് ചെയര്‍മാനായി, പിന്നീട് ചെയര്മാന് ചുമതലയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച ഒരു കലാകാരനോട് സര്‍ക്കാര്‍ കാണിച്ചത് ക്രൂരമായ നന്ദികേടായിരുന്നു. 10,000 രൂപ ഓണറേറിയത്തിനപ്പുറം ഒരു സിനിമ പോലും ചെയ്യാതെ, പൂര്‍ണ സമയം അക്കാദമിക്ക് നല്കിയ അര്‍പ്പണബോധത്തിന് ലഭിച്ചത് ഇതായിരുന്നോ എന്നാണ് പ്രേംകുമാര്‍ ചോദിക്കുന്നത്.
പ്രേംകുമാര്‍ തന്റെ പ്രതികരണത്തില്‍ വ്യക്തമാക്കിയത്, ചില ക്രിയാത്മക നിര്‍ദേശങ്ങളാണ് തന്റെ പുറത്താക്കലിന് കാരണമായതെന്നാണ്. കൊച്ചിയിലെ ഒരു സാംസ്കാരിക സമ്മേളനത്തില്‍, സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്സിന്റെ പ്രശ്നം മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നയിച്ചത് മാനവികതയുടെ നിലപാടായിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ സെക്രട്ടേറിയറ്റ് മുറ്റത്ത് സമരം നടക്കാന്‍ പാടില്ല എന്ന തന്റെ വിശ്വാസം അദ്ദേഹം ആവര്‍ത്തിച്ചു. ഈ നിലപാട് പ്രതിപക്ഷത്തോട് അടുത്തുനിന്നതായി ചിലര്‍ വ്യാഖ്യാനിച്ചെങ്കിലും, അത് ഒരു കലാകാരന്റെ സ്വതന്ത്രമായ അഭിപ്രായമായിരുന്നു. പക്ഷേ സര്‍ക്കാര്‍ അതിനെ വ്യത്യസ്തമായി കണ്ടു.
വിഷയത്തില്‍ പ്രേംകുമാര്‍ വീണ്ടും ശക്തമായി രംഗത്തുവന്നു. സാഹിത്യ അക്കാദമി ചെയര്മാന് കെ. സച്ചിദാനന്ദന്റെ സര്‍ക്കാര്‍ വിമര്‍ശനത്തിന് ശേഷവും തുടരുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹം ‘ഇരട്ടത്താപ്പ്’ ആരോപിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ മറുപടി പുറത്താക്കല്‍ നടപടി സ്വാഭാവികമാണെന്നാണ്. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനാലാണ് സ്വാഭാവിക നടപടി. റസൂല്‍ പൂക്കുട്ടി പോലുള്ള പ്രതിഭയെ പുതിയ ചെയര്‍മാനാക്കി. പ്രേംകുമാര്‍ തന്നെ റസൂലിനെ അഭിനന്ദിച്ചിരുന്നതായും മന്ത്രി ഓര്‍മിപ്പിച്ചു.
മന്ത്രിയുടെ വിശദീകരണം പലരെയും തൃപ്തിപ്പെടുത്തുന്നില്ല. കാലാവധി കഴിഞ്ഞാല്‍ മറ്റ് അക്കാദമികളില്‍ വര്‍ഷങ്ങളായി ഒരേ ആളുകള്‍ തുടരുമ്ബോള്‍, പ്രേംകുമാറിനോട് മാത്രം എന്തുകൊണ്ട് ഈ ‘സ്വാഭാവികത’? ആശയവിനിമയ വീഴ്ചയുണ്ടായെങ്കില്‍ പരിശോധിക്കാമെന്ന് മന്ത്രി പറയുന്നു. പക്ഷേ ഒരു മന്ത്രിയുടെ വകുപ്പിന് കീഴില്‍ ഇത്തരം ആശയവിനിമയ വീഴ്ച സംഭവിക്കുന്നത് തന്നെ ഗൗരവമുള്ള കാര്യമാണ്.
സജി ചെറിയാന്റെ സാംസ്കാരിക വകുപ്പ് മന്ത്രിസഭയിലെ ഏറ്റവും മോശം വകുപ്പായി വിമര്‍ശിക്കപ്പെടുന്നത് യാദൃച്ഛികമല്ല. ഐഎഫ്എഫ്കെയിലെ സെന്‍സര്‍ഷിപ്പ് വിവാദം മുതല്‍ ഈ അക്കാദമി കാര്യം വരെ, വകുപ്പിന്റെ കീഴിലുള്ള തീരുമാനങ്ങള്‍ വീണ്ടും വീണ്ടും വിവാദമാവുകയാണ്. ഒരു മികച്ച കലാകാരനെയും സംഘാടകനെയും ഇങ്ങനെ അപമാനിച്ച് പുറത്താക്കുന്നത് സാംസ്കാരിക മേഖലയോടുള്ള അവഗണനയുടെ ഭാഗമായി മാത്രമേ കാണാനാവൂ.
പ്രേംകുമാര്‍ പറഞ്ഞതുപോലെ, ”രാഷ്ട്രീയക്കാരനേക്കാള്‍ മനുഷ്യപക്ഷത്ത് നില്ക്കുന്ന കലാകാരനാണ് ഞാന്‍.” അത്തരമൊരു മനുഷ്യനോട് സര്‍ക്കാര്‍ കാണിക്കേണ്ടത് നന്ദിയും ബഹുമാനവുമായിരുന്നു. പക്ഷേ ലഭിച്ചത് നന്ദികേടും അപമാനവും. മന്ത്രിസഭയിലെ ഏറ്റവും മോശം വകുപ്പ് എന്ന വിമര്‍ശനം സജി ചെറിയാന്റെ വകുപ്പിന് മാത്രമല്ല, മുഴുവന്‍ സര്‍ക്കാരിനും ഒരു മുന്നറിയിപ്പാണ്. മികച്ച സംഘാടകരെ ഇങ്ങനെ പുറത്താക്കുന്നത് തുടരരുത്. കലയോടും കലാകാരരോടുമുള്ള ബഹുമാനം തിരിച്ചുകൊണ്ടുവരണം. അല്ലെങ്കില്‍, സാംസ്കാരിക മേഖലയിലെ ഈ നന്ദികേട് ചരിത്രത്തില്‍ ഒരു കറയായി തുടരും.
